ന്യൂദൽഹി- എയർ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ സൈബർ ആക്രമണം. തുർക്കിയിലെ ഹാക്കർമാരാണ് അക്കൗണ്ടിന്റെ നിയന്ത്രണം പിടിച്ചെടുത്തത്. എല്ലാ എയർ ഇന്ത്യ വിമാനങ്ങളും റദ്ദാക്കിയിരിക്കുന്നുവെന്ന ട്വീറ്റും ഇവർ പോസ്റ്റ് ചെയ്തു. ഇനി ടർക്കിഷ് എയർലൈനിലായിരിക്കും യാത്ര എന്നും ട്വീറ്റ് ചെയ്തു. എയർ ഇന്ത്യയുടെ ഔദ്യോഗിക അക്കൗണ്ടിന്റെ ഐഡിയും ഇവർ മാറ്റി. വെരിഫൈഡ് അടയാളവും നീക്കം ചെയ്തു. പതിനായിരക്കണക്കിന് ഫോളോവേഴ്‌സുള്ള എയർ ഇന്ത്യയുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്നും ഈ പോസ്റ്റുകൾ വന്നത് ട്വിറ്ററിൽ ആശയക്കുഴപ്പമുണ്ടാക്കി. ടർക്കിഷ സൈബർ ആർമിയാണ് അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുന്നതെന്നും പ്രധാന വിവരങ്ങളെല്ലാം പിടിച്ചെടുത്തിണ്ടുണ്ടെന്നും ഹാക്കർമാർ അവകാശപ്പെട്ടു. സംഭവത്തിൽ എയർ ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.