മുംബൈ- 25 വർഷത്തെ സി.പി.എം ഭരണം അവസാനിപ്പിച്ച് ത്രിപുരയിൽ അധികാരത്തിലെത്തിയ ബി.ജെ.പി സർക്കാർ സംസ്ഥാനത്ത് ബീഫ് നിരോധിക്കില്ലെന്ന് പാർട്ടി കൺവീനർ സുനിൽ ദിയോധർ. ത്രിപുരയിലെ ഭൂരിപക്ഷം ജനങ്ങളുടെ ആവശ്യം മാനിച്ച് ബി.ജെ.പി സർക്കാർ ബിഫ് നിരോധനമേർപ്പെടുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മുസ്‌ലിംകളും ക്രിസ്ത്യാനികളും ഹിന്ദുക്കളുമെല്ലാം ബീഫ് കഴിക്കുന്ന ശീലമുള്ളവരാണ്. ജനസംഖ്യയിൽ 90 ശതമാനത്തിന്റേയും ഭക്ഷണം പ്ലേറ്റിൽ നിന്നും എടുത്തുമാറ്റാനാവില്ലെന്നും ഇത് വികാരം ഇളക്കുമെന്നും അദ്ദേഹം പറഞ്ഞു.
2017ൽ അറവിനുള്ള കാലികളുടെ വിൽപ്പന രാജ്യത്തുടനീളം നിരോധിച്ചു കേന്ദ്ര സർക്കാർ ഉത്തരിവിട്ടിരുന്നു. രാജ്യത്ത് പലയിടത്തും പ്രതിഷേധത്തിനിടയാക്കിയ ഈ ഉത്തരവ് സംസ്ഥാനത്തെ ഭൂരിപക്ഷത്തിന്റെയും ഭക്ഷണശീലത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ത്രിപുരയിലെ സിപിഎം സർക്കാരും നടപ്പാക്കിയിരുന്നില്ല. ബിജെപി അധികാരത്തിലെത്തിയ ശേഷവും ബീഫ് നിരോധനം ത്രിപുരയിൽ നടപ്പാക്കാതിരുന്നാൽ അത് ആർ എസ് എസിന്റെ നയത്തിൽ വിട്ടുവീഴ്ച വരുത്തില്ലേ എന്ന ചോദ്യത്തിന് ഭൂരിപക്ഷം ആവശ്യപ്പെട്ടാൽ സർക്കാർ അതു നടപ്പിലാക്കുമെന്നായിരുന്നു ദിയോധറിന്റെ മറുപടി.
1991 മുതൽ ആർ എസ് എസിൽ പ്രവർത്തിക്കുന്ന ദിയോധറിന്റെ പ്രധാന തട്ടകം വടക്കു കിഴക്കൻ സംസ്ഥാനങ്ങളാണ്. 2010ലാണ് ബിജെപിയിലൂടെ രാഷ്ട്രീയ രംഗത്ത് സജീവമായത്.