Sorry, you need to enable JavaScript to visit this website.

റഷ്യൻ ഇരട്ടച്ചാരനു നേരെ വധശ്രമം: 23 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ബ്രിട്ടൻ പുറത്താക്കി

ലണ്ടൻ- റഷ്യൻ മുൻ ഇരട്ടച്ചാരനായ ബ്രിട്ടീഷ് പൗരൻ സെർഗെയ് സ്‌ക്രിപലിനേയും മകൾ യൂലിയയേയും രാസായുധം ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് സർക്കാർ 23 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. സംഭവത്തിനു പിന്നിൽ റഷ്യൻ സർക്കാരാണെന്ന് നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ആരോപിച്ചിരുന്നു. ഈ ഉദ്യോഗസ്ഥർ റഷ്യ നിയോഗിച്ച രഹസ്യ ഇന്റലിജൻസ് ഓഫീസർമാരായിരുന്നുവെന്നും ഇവർക്ക് രാജ്യം വിടാൻ ഒരാഴ്ച്ച സമയമുണ്ടെന്നും പ്രധാനമന്ത്രി തെരേസ മേ വ്യക്തമാക്കി. ഈ വർഷം അവസാനം റഷ്യയിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോൾ ചടങ്ങിൽ ബ്രിട്ടീഷ് രാജകുടുംബം പങ്കെടുക്കില്ലെന്നും മേ വ്യക്തമാക്കി.
സ്‌ക്രിപലിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവവുമായി ബന്ധമില്ലെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. 23 നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയ നടപടി അസ്വീകാര്യമാണെന്നും നിതീകരിക്കാനാവില്ലെന്നും റഷ്യൻ എംബസി പ്രതികരിച്ചു. 
ദക്ഷിണ ഇംഗ്ലണ്ടിലെ സോൾസ്ബ്രിയിലെ ഒരു ഷോപ്പിങ് മാളിലെ ഇരിപ്പിടത്തിൽ ഇക്കഴിഞ്ഞ നാലിനാണ് 66കാരനായ മുൻ ചാരൻ സെർഗെയ് സ്‌ക്രിപലിനേയും 33കാരിയായ മകൾ യുലിയ സ്‌ക്രിപലിനേയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഇരുവരും ഇപ്പോൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഒരു പോലീസ് ഓഫീസർക്കും വിഷബാധയേറ്റിട്ടുണ്ട്. സോവിയറ്റ് കാലത്തെ റഷ്യൻ നിർമ്മിത രാസായുധം പ്രയോഗിച്ചാണ് ഇവരെ കൊലപ്പെടുത്താൻ ശ്രമിച്ചെതന്ന് സംശയിക്കപ്പെടുന്നു.
 

Latest News