ധുരി- പഞ്ചാബില്‍ ആദ്യമായി അധികാരത്തിലെത്തുന്ന ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് രാജ്ഭവനില്‍ ആയിരിക്കില്ലെന്ന് നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മാന്‍. സ്വാതന്ത്ര്യ സമര പോരാളി ഭഗത് സിങിന്റെ നാടായ ഖട്കര്‍കലാനില്‍ ആയിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തന്റെ മണ്ഡലമായ ധുരിയില്‍ നടത്തിയ പ്രസംഗത്തില്‍ നടത്തിയ ഈ പ്രഖ്യാപനം നിറഞ്ഞ കയ്യടികളോടെയാണ് അണികള്‍ സ്വീകരിച്ചത്. നവാന്‍ശഹര്‍ ജില്ലയിലാണ് ഭഗത് സിങിന്റെ ഈ ഗ്രാമം. സത്യപ്രതിജ്ഞാ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പതിവില്‍ നിന്ന് വിപരീതമായി ഒരു സര്‍ക്കാര്‍ ഓഫീസിലും മുഖ്യമന്ത്രിയുടെ പടം ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പകരം ഭഗത് സിങിന്റേയും ഭരണഘടനാ ശില്‍പി ഡോ. അംബേദ്കറുടേയും ചിത്രങ്ങളായിരിക്കും സ്ഥാപിക്കുക എന്നും അദ്ദേഹം പറഞ്ഞു. ധുരിയില്‍ 58,000 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ഭഗവന്തിന്റെ ജയം.
തന്റെ ആദ്യ പരിഗണന സ്‌കൂളുകള്‍, ആശുപത്രികള്‍, വ്യവസായം, കൃഷി, സ്ത്രീ സുരക്ഷ, കായികം എന്നീ മേഖലകളിലെ വികസനത്തിനായിരിക്കും. മാറ്റം ഒരു മാസത്തിനുള്ളില്‍ തന്നെ നിങ്ങള്‍ക്കു കാണാനാകുമെന്നും ഭഗവന്ത് മാന്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടിക്ക് വോട്ടു ചെയ്യാത്തവരേയും കൂടെ നിര്‍ത്തുമെന്നും സര്‍ക്കാരിനു വേണ്ടി ഒന്നിച്ചു പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.