ലഖ്നൗ- ഉത്തര്‍പ്രദേശില്‍ ബി.ജെ.പി പരാജയപ്പെടാന്‍ സാധ്യതയുള്ള മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ മന്ദഗതിയിലാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയതായി എസ്.പി നേതാവ് അഖിലേഷ് യാദവ്. അല്‍പസമയം മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അഖിലേഷിന്റെ ആരോപണം. വോട്ടിംഗ് യന്ത്രങ്ങള്‍ വ്യാപകമായി കടത്തുന്നതായും അദ്ദേഹം പറഞ്ഞു.
വാരാണസിയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍നിന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ കടത്തി കൊണ്ടുപോകുന്നതായാണ് എസ്.പി ആരോപിക്കുന്നത്. ട്രക്കില്‍ സൂക്ഷിച്ചിരുന്ന യന്ത്രങ്ങള്‍ വോട്ടെണ്ണുന്നതിന് രണ്ട് ദിവസം മുമ്പാണ് പുറത്തെടുത്തതെന്നണ് ആരോപണം. ഇതിന്റേതെന്ന് കരുതുന്ന ദ്യശ്യങ്ങള്‍ സമാജ്വാദി പാര്‍ട്ടി അനുയായികള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
എന്നാല്‍, പരിശീലന ആവശ്യങ്ങള്‍ക്കാണ് ഈ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിക്കുന്നതെന്നും അവ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നില്ലെന്നും വാരണാസി ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.