മുംബൈ- എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ബിജെപിയുടെ എടിഎം പോലെയാണ് പ്രവർത്തിക്കുന്നതെന്നും പണം തട്ടിയെന്ന ആരോപണത്തിൽ കേന്ദ്ര ഏജൻസിയിലെ നാല് ഉദ്യോഗസ്ഥർക്കെതിരെ മുംബൈ പോലീസ് അന്വേഷണം തുടരുകയാണെന്നും ശിവസന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. അന്വേഷണം പൂർത്തിയാകുമ്പോൾ ഇവരിൽ ചിലർ ജയിലിൽ പോകുമെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് റെയ്ഡ് നടത്തിയ സ്ഥാപനങ്ങളിൽ നിന്നെല്ലാം ഒരു ജിതേന്ദ്ര നവ്‌ലാനിയുടെ സ്ഥാപനങ്ങളിലേക്ക് പണം കൈമാറിയതായി കാണുന്നുണ്ടെന്ന് ശിവസേന നേതാവ് മുംബൈയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇ.ഡിയും അതിന്റെ ചില ഉദ്യോഗസ്ഥരും ബിജെപിക്ക് എടിഎം (ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ) ആയി മാറിയിരിക്കയാണ്. പ്രധാനമന്ത്രിയുടെ ഓഫീസിനെ ഇതിന്റെ വിശദാംശങ്ങൾ അറിയിച്ചതായും സഞ്ജയ് റാവത്ത് പറഞ്ഞു.
നാല് ഇഡി ഉദ്യോഗസ്ഥർക്കെതിരെയുള്ള കൊള്ളയടിക്കൽ, അഴിമതി ആരോപണങ്ങൾ മുംബൈ പോലീസ് അന്വേഷിക്കുകയാണ്. മുംബൈ പോലീസിന് അതിനുള്ള കഴിവുണ്ട്. ചില ഇഡി ഉദ്യോഗസ്ഥർ ജയിലിൽ പോകുക തന്നെ ചെയ്യുമെന്നും തന്റെ വാക്കുകൾ എഴുതി വെച്ചോളൂ എന്നും രാജ്യസഭാംഗമായ റാവത്ത് പറഞ്ഞു.