കീവ്- ഉക്രൈനില്‍ റഷ്യന്‍ ആക്രമണം തുടരുന്നതിനിടയില്‍ ഇരു രാജ്യങ്ങളും മൂന്നാംഘട്ട സമാധാന ചര്‍ച്ച തിങ്കളാഴ്ച ബെലാറുസില്‍ ആരംഭിച്ചു.
റഷ്യന്‍ ഫെഡറേഷനുമായുള്ള മൂന്നാം ചര്‍ച്ചകള്‍ ഇന്ന് നടക്കുമെന്നും ചര്‍ച്ചകള്‍ക്കായുള്ള പ്രതിനിധി സംഘത്തില്‍ മാറ്റമില്ലെന്നും ഉക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുടെ ഉപദേശകന്‍ മിഖായിലോ പോഡോലിയാക് ട്വീറ്റ് ചെയ്തിരുന്നു. തുടര്‍ച്ചയായി പന്ത്രണ്ടാം ദിവസവും റഷ്യന്‍- ഉക്രൈനിയന്‍ സേനകള്‍ തമ്മില്‍ രൂക്ഷമായ പോരാട്ടം നല്‍ക്കുന്നതിനിടയിലാണ് ചര്‍ച്ചകള്‍.
ഫെബ്രുവരി 28-ന് നടന്ന ഒന്നാംവട്ട ചര്‍ച്ചയും മാര്‍ച്ച് 3-ന് നടന്ന രണ്ടാംവട്ട ചര്‍ച്ചയും ബെലാറുസില്‍ വെച്ചാണ് നടന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന രണ്ടാംവട്ട ചര്‍ച്ചയില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും ഉക്രൈന്‍ വിദേശകാര്യമന്ത്രി ദിമിട്രോ കുലേബയും തമ്മില്‍ അടുത്ത വ്യാഴാഴ്ച ചര്‍ച്ച നടത്തും.