ബംഗളുരു- മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊലക്കേസില്‍ അറസ്റ്റിലായ ഹിന്ദു യുവ സേനാ നേതാവ് കെ.ടി നവീന്‍ കുമാര്‍ മൈസൂരുവില്‍ സാമൂഹിക വിമര്‍ശകനും എഴുത്തുകാരനുമായ കെ.എസ് ഭഗവാനെ കൊലപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നുവെന്ന് കണ്ടെത്തി. ഗൗരി വധത്തിന് നവീന്‍ കുമാര്‍ നല്കിയ സഹായങ്ങളില്‍ മതിപ്പുള്ള സംഘം തന്നെയാണ് ഭഗവാനെ വധിക്കാനും ഇയാളെ ഏര്‍പ്പെടുത്തിയതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
ഫെബ്രുവരി 18-ന് പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ ഭഗവാനെ വധിക്കുന്നതിനു വേണ്ടി തോക്കു സംഘടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു നവീന്‍ കുമാര്‍. നിയമവിരുദ്ധമായി കൈവശം വെച്ച വെടിയുണ്ടകളുമായാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഗൗരി ലങ്കേഷിനെ വധിക്കാന്‍ കൊലയാളി സംഘത്തിന് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തത് നവീന്‍ കുമാറാണെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. കൊലയാളി സംഘത്തിന് ഗൗരിയുടെ വീട് കാണിച്ചു കൊടുത്തതും പ്രദേശം പരിചയപ്പെടുത്തി കൊടുത്തതും ഇയാളാണ്.
ഇതു വിജയകരമായി നടപ്പാക്കാന്‍ സഹായിച്ചതിനെ തുടര്‍ന്നാണ് സംഘം കെ.എസ്. ഭഗവാനെ കൊലപ്പെടുത്താനും നവീന്‍ കുമാറിനെ ഏര്‍പ്പെടുത്തിയത്. ഈ സംഭവത്തില്‍ വധശ്രമത്തിനും ഗൂഢാലോചന നടത്തിയതിനും പ്രതിക്കെതിരെ മറ്റൊരു കേസെടുക്കുമെന്ന് ബംഗളുരൂ ഡെപ്യൂട്ടി കമ്മീഷണറും കേസിലെ അന്വേഷണ ഉദ്യോഗസ്ഥനുമായ എം എന്‍ അനുചേത്ത് പറഞ്ഞു.
ഗൗരി വധക്കേസുമായി ബന്ധപ്പെട്ട് ഇതുവരെ നവീന്‍ കുമാര്‍ പോലീസിനു നല്കിയ മൊഴികളും ഗൂഢാലോചനയെ കുറിച്ച് എത്രത്തോളം അറിവുണ്ടായിരുന്നെന്നും തെളിയിക്കുന്നതിന് പോലീസ് ഇയാളെ താമസിയാതെ നുണ പരിശോധനയ്ക്ക് വിധേയനാക്കും. തിങ്കളാഴ്ച ബംഗളുരൂ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ നവീന്‍ കുമാര്‍ താന്‍ നുണ പരിശോധനക്ക് സന്നദ്ധനാണെന്ന് അറിയിച്ചിട്ടുണ്ട്. നേരത്തെ നുണ പരിശോധനക്ക് ഒരുക്കമല്ലെന്ന് ഇയാള്‍ പറഞ്ഞിരുന്നു.