ന്യൂദൽഹി - ന്യൂഡൽഹി: മീഡിയാവൺ ചാനൽ സംപ്രേഷണ വിലക്കിനെതിരെ സമർപ്പിച്ച ഹരജി വ്യാഴാഴ്ച വാദം കേൾക്കും. നേരത്തെ, വെള്ളിയാഴ്ച ഹരജി കേൾക്കാമെന്ന് അറിയിച്ചെങ്കിലും അടിയന്തരമായി പരിഗണിക്കണമെന്ന് അഭ്യർഥിച്ചതിനെ തുടർന്ന് വ്യാഴാഴ്ച പരിഗണിക്കാമെന്ന്
ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് അറിയിക്കുകയായിരുന്നു.
ചീഫ് ജസ്റ്റിസ് എന്‍.വി. രമണ ജസ്റ്റിസ്മാരായ എ.എസ് ബൊപ്പണ്ണ, ഹിമ കോഹ്ലി എന്നിവര്‍ അടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ഹര്‍ജി അടിയന്തിരമായി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടത്. കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായ ശേഷം ഹൈക്കോടതി ഡിവിഷന് ബെഞ്ച് കക്ഷികളായ തങ്ങളെ അറിയിക്കാതെ ആഭ്യന്തര വകുപ്പിന്റെ ഫയലുകള്‍ നോട്ടീസ് അയച്ച് വിളിപ്പിച്ച് വരുത്തിയ ശേഷം പരിശോധിച്ചതിനെ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ മീഡിയ വണ്‍ വിമര്‍ശിച്ചിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറന്‍സില്ലെന്നതിന്റെ പേരിലായിരുന്നു ചാനലിന്റെ സംപ്രേഷണം വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ജനുവരി 31ന് വിലക്കിയത്. ഇതിന് എതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നല്കിയ ഹര്‍ജി ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും ഡിവിഷന് ബെഞ്ചും തള്ളിയിരുന്നു. സംപ്രേക്ഷണ വിലക്കിനെതിരെ ചാനല്‍ എഡിറ്റര്‍ പ്രമോദ് രാമനും ഉടന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും.