കീവ്- ഉക്രൈനില്‍ റഷ്യന്‍ സൈനികര്‍ വളഞ്ഞ മരിയുപോളില്‍നിന്നുള്ള ഒഴിപ്പിക്കല്‍ രണ്ടാം ദിവസവും മുടങ്ങി. കിഴക്കന്‍ തുറമുഖ നഗരമായ മരിയുപോളില്‍നിന്ന് സിവിലിയന്മാരുടെ സുരക്ഷിത യാത്ര മുടങ്ങിയിരിക്കയാണെന്ന് റെഡ് ക്രോസ് അന്താരാഷ്ട്ര കമ്മിറ്റിയാണ് അറിയിച്ചത്.
നഗരത്തില്‍നിന്ന് സിവിലിയന്മാരെ ഒഴിപ്പിക്കുന്നതിനായി വെടിനിര്‍ത്തലിലെത്തിയതായി വാര്‍ത്ത പുറത്തുവന്നിരുന്നെങ്കിലും യാതൊരു ഉറപ്പുമില്ലെന്ന് റെഡ്‌ക്രോസ് വ്യക്തമാക്കുന്നു. വെടിനിര്‍ത്തല്‍ ലംഘനം തുടരുകയാണെന്നും ഇരു ഭാഗവും തമ്മില്‍ യഥാവിധമുള്ള കരാര്‍ ഉണ്ടായിട്ടില്ലെന്നും റെഡ്‌ക്രോസ് പറയുന്നു. വെടിനിര്‍ത്തലിന് തത്ത്വത്തില്‍ ധാരണയായാല്‍ പോരെന്നും മാനദണ്ഡങ്ങള്‍ നിശ്ചയിക്കണമെന്നും പരസ്പര വിശ്വാസമാണ് പ്രധാനമെന്നും ഐ.സി.ആര്‍.സി പ്രസ്താവനയില്‍ പറഞ്ഞു. ഇരുവിഭാഗവും വിശദമായ ഒത്തുതീര്‍പ്പിലെത്തിയാല്‍ അത് നിഷ്പക്ഷമായി നടപ്പിലാക്കാന്‍ തയാറാണെന്നും പ്രസ്താവനയില്‍ തുടര്‍ന്നു.
റഷ്യന്‍ ഷെല്ലാക്രമണം തുടരുന്നതിനാല്‍ സിവിലിയന്മാരുടെ ഒഴിപ്പിക്കല്‍ സാധ്യമല്ലെന്ന് മരിയുപോള്‍ സിറ്റി കൗണ്‍സില്‍ വ്യക്തമാക്കി. ഇത്തരം സാഹചര്യത്തില്‍ ജനങ്ങളെ പുറത്തിറക്കുന്നത് വലിയ അപകടമകാമെന്ന് സിറ്റി കൗണ്‍സില്‍ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.