Sorry, you need to enable JavaScript to visit this website.

കോടതികളുടെ സ്വാതന്ത്ര്യത്തെ ചൊല്ലി കേന്ദ്രത്തെ കൊട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പടിയിറക്കം

ജോധ്പൂര്‍- കോടതികളുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പടിയിറക്കം. തന്നെ കുറിച്ച് സര്‍ക്കാരിനുള്ള മോശം ധാരണ തന്റെ ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തിന് ലഭിച്ച സാക്ഷ്യപത്രമാണെന്ന് ജസ്റ്റിസ് അകില്‍ അബ്ദുല്‍ഹമീദ് ഖുറേഷി പറഞ്ഞു. ചീഫ് ജസ്റ്റില്‍ പദവിയില്‍ നിന്ന് വിരമിക്കുന്ന ദിവസം രാജസ്ഥാന്‍ ഹൈക്കോടതിയിലെ ജഡ്ജിമാരും അഭിഭാഷകരും പങ്കെടുത്ത യാത്രയയപ്പു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരിക്കെ 2010ല്‍ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ അമിത് ഷായെ പോലീസ് കസ്റ്റഡിയില്‍ വിട്ട ജഡ്ജിയാണ് ജസ്റ്റിസ് ഖുറേശി. ഈ കേസിനെ ചൊല്ലി ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി പദവി രാജിവെച്ച് ഒളിവിലായിരുന്ന അമിത് ഷാ 2010 ജൂലൈയിലാണ് അറസ്റ്റിലായത്. 

മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് തന്റെ ആത്മകഥയില്‍ ജസ്റ്റിസ് ഖുറേശിക്കെതിരെ ചില പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്. മധ്യപ്രദേശ്, ത്രിപുര ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെ നിയമിക്കുന്നതു സംബന്ധിച്ച് ജസ്റ്റിസ് ഖുറേശി നല്‍കിയ നിര്‍ദേശങ്ങള്‍ എന്തുകൊണ്ട് തള്ളപ്പെട്ടു എന്നതു സംബന്ധിച്ചാണ് പുസ്തകത്തില്‍ ജസ്റ്റിസ് ഗോഗോയി വിശദീകരിക്കുന്നത്. ഇതു സൂചിപ്പിച്ചായിരുന്നു ജസ്റ്റിസ് ഖുറേശിയുടെ വാക്കുകള്‍. 

'ഈ ആത്മകഥ ഞാന്‍ വായിച്ചിട്ടില്ല. എന്നെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. എന്റെ ചില കോടതി തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് എന്നെ കുറിച്ച് മോശമായ ചില ധാരണകള്‍ ഉണ്ടായിരുന്നുവെന്നാണ് അതില്‍ പറയുന്നത്. ഒരു ഭരണഘടനാ കോടതി ജഡ്ജി എന്ന നിലയില്‍ എന്റെ പ്രാഥമിക ഉത്തരവാദിത്തം പൗരന്മാരുടെ മൗലികാവകാശങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുക എന്നതാണ്. സര്‍ക്കാരിന്റെ മോശം ധാരണ എന്റെ ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തിനുള്ള സര്‍ട്ടിഫിക്കറ്റായാണ് ഞാന്‍ കാണുന്നത്'- ജസ്റ്റിസ് ഖുറേശി പറഞ്ഞു. 

ജഡ്ജിമാരായ നാമനിര്‍ദേശം ചെയ്ത ഹൈക്കോടതികള്‍ അയക്കുന്ന അഭിഭാഷകരുടെ പട്ടികകള്‍ സുപ്രീം കോടതി കാര്യമായി വെട്ടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് മികച്ച ജഡ്ജിമാരുടെ ക്ഷാമത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തില്‍ 2014ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ജസ്റ്റിസ് ഖുറേശിയുടെ സ്ഥാനക്കയറ്റങ്ങളെ സര്‍ക്കാര്‍ എതിര്‍ത്തുവരികയായിരുന്നു. രാജ്യത്തെ ഹൈക്കോടതികളിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജ് ആയിട്ടും സുപ്രീം കോടതി ജഡ്ജായി നിയമിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഇതിനായി കൊളീജിയം നിര്‍ദേശിച്ചെങ്കിലും പല തവണ മറ്റു ഹൈക്കോടതികളിലേക്ക് സ്ഥലം മാറ്റി സ്ഥാനക്കയറ്റം തന്ത്രപരമായി തടയുകയായിരുന്നു. നേരത്തെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് 2019ല്‍ ശുപാര്‍ശ പിന്‍വലിക്കുകയായിരുന്നു. ജസ്റ്റിസ് ഖുറേശിയെ മധ്യപ്രദേശ് പോലുള്ള വലിയ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ആക്കേണ്ടെന്നായിരുന്നു കേന്ദ്ര നിലപാട്. അന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസായ രഞ്ജയന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള കൊളീജിയവും കേന്ദ്ര സര്‍ക്കാരും തമ്മിലുണ്ടാക്കിയ സന്ധി പ്രകാരം ജസ്റ്റിസ് ഖുറേശിയെ  ചെറിയ ഹൈക്കോടതിയായ ത്രിപുര ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായി നിയമിക്കുകയായിരുന്നു.
 

Latest News