'കനലുകൾ കോരി മരവിച്ച വിരലുകൾ
ഒടുവിൽ നിന്നെത്തലോടി ശമിക്കുവാൻ'
റഫീഖ് അഹമ്മദിന്റെ മനോഹരമായ ഈ വരികൾ അധികയാളുകൾക്കും ഏറെ സുപരിചിതവും ഇഷ്ടവുമാണ്. അമ്മയുടെ വിരലുകൾ തലമുടിയിഴകൾക്കിടയിലൂടെ കടന്നു പോവുമ്പോൾ കുട്ടികൾ അനുഭവിക്കുന്ന വാൽസല്യത്തിന്റെ മനോഹാരിതയും അവർണനീയം തന്നെ. അനീതിക്ക് നേരെ ഉയരുന്ന വിരലുകൾ നാം ഏറെ ആദരവോടെ കാണുന്നു. വിവിധ മതവിശ്വാസികളുടെ ആചാരങ്ങളിലും വിരലുകളുടെ ചലനങ്ങൾ വഹിക്കുന്ന പങ്ക് പ്രധാനമാണ്. രാമായണ കഥയിൽ കൈകേയിയുടെ ചെറുവിരൽ രഥാക്ഷകീലമായ് നൽകിയതിന്റെ പശ്ചാത്തലത്തിൽ ലഭിച്ച രണ്ട് വരങ്ങൾ ഉപയോഗിച്ചാണ് മന്ഥരയുടെ പ്രേരണയിൽ രാമനെ വനവാസത്തിനയക്കുന്നതും ഭരതനെ വാഴിക്കുന്നതും. മനോവികാരങ്ങളെ പ്രകടിപ്പിക്കാനും വിരലുകളെ നാം വിവിധ രീതിയിൽ പ്രയോജനപ്പെടുത്താറുണ്ട്.
ഇതൊക്കെയാണെങ്കിലും ഡിജിറ്റൽ കാലത്ത് വിരലുകൾ കൂടുതൽ നേരം ഉപയോഗിക്കുന്നത് മൊബൈൽ ഫോൺ പിടിക്കാനും സ്‌ക്രോൾ ചെയ്യാനുമാണ് എന്ന കാര്യം അതിശയോക്തിയാവാനിടയില്ല. ചൂണ്ടുവിരൽ, നടുവിരൽ, മോതിര വിരലുകൾ എന്നിവ പിന്നിൽ വെച്ച് തള്ളവിരൽ കൊണ്ട് എല്ലാം സ്‌ക്രോൾ ചെയ്യുമ്പോൾ, അതിന്റെ അടിഭാഗം വിശ്രമിക്കുന്നത് നിങ്ങളുടെ കുഞ്ഞുവിരലിലാണെന്നത് എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഉപകരണങ്ങൾ പിടിക്കാനുള്ള ഏറ്റവും സൗകര്യപ്രദമായ മാർഗമാണതെന്നാലും ദീർഘനേരം ഇടതടവില്ലാതെയുള്ള മൊബൈൽ ഉപയോഗം നമ്മുടെ കൈത്തണ്ടയ്ക്ക് കേടുപാടുകൾ വരുത്തുകയും അൾനാർ നാഡിയെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നുണ്ടെന്ന് പഠനങ്ങൾ വിലയിരുത്തുന്നു.
സ്മാർട്ട് ഫോൺ പിങ്കി, ടെക്‌സ്റ്റിംഗ് ടെൻഡിനിറ്റിസ്, ടെക്‌സ്റ്റിംഗ് പെരുവിരൽ, ഗെയിമറുടെ തള്ളവിരൽ എന്നിങ്ങനെ അറിയപ്പെടുന്ന 'സ്മാർട്ട്‌ഫോൺ വിരൽ' എന്ന പദം പലശ്ചാത്യ ലോകത്തിന് പരിചിതമായിരിക്കുകയാണ്. സ്മാർട്ട്‌ഫോണോ ടാബ്‌ലറ്റോ വീഡിയോ ഗെയിം കൺട്രോളറോ കൈവശം വെയ്ക്കുന്നത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് നമ്മുടെ കുഞ്ഞു വിരലിനെയും തള്ളവിരലിനെയുമാണ് എന്ന് ഈ രംഗത്ത് പഠനം നടത്തിയവർ ചൂണ്ടിക്കാണിക്കുന്നു. മയോ ക്ലിനിക്കിലെ ഒക്യുപേഷണൽ തെറാപ്പിസ്റ്റും സർട്ടിഫൈഡ് ഹാൻഡ് തെറാപ്പിസ്റ്റുമായ ആൻ ലണ്ട് പറയുന്നത് സമ്മർദവും ഭാരം വഹിക്കലും ഒരു പരിധിയിൽ കവിഞ്ഞാൽ താങ്ങാൻ ചെറുവിരലിന് കഴിയില്ല എന്നാണ്. ഫോണിന്റെ ഭാരം താങ്ങാൻ പിങ്കി (ചെറുവിരൽ) ഉപയോഗിക്കുന്നത് വിരലിനെ നമ്മുടെ കൈയുമായി ബന്ധിപ്പിക്കുന്ന ലിഗ്‌മെന്റിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഫോണിന്റെ ഭാരം താങ്ങാൻ ചെറുവിരലിനെ കൂടുതൽ നേരം ഉപയോഗിച്ചാൽ ഫോണും കൈത്തണ്ടയും ഉള്ളിലേക്ക് തിരിയുന്നത് കാണാം. ഈ ശീലം വളരെക്കാലം നിലനിന്നാൽ അൾനാർ നാഡിക്ക് ക്ഷതം സംഭവിക്കും. കൈയിലെ മൂന്ന് പ്രധാന ഞരമ്പുകളിലൊന്നായ അൾനാർ നാഡി കക്ഷത്തിൽ നിന്ന് കൈമുട്ട് വരെയും അൾനയ്‌ക്കൊപ്പം (കൈത്തണ്ടയിലെ നീളമുള്ള അസ്ഥി) ഒടുവിൽ കൈപ്പത്തിയുടെ ചെറുവിരലിലേക്കും നീളുന്നതാണ്. ക്ലീവ്‌ലാൻഡ് ക്ലിനിക് പറയുന്നതനുസരിച്ച്, 'ഇത് കൈയിലെ മിക്കവാറും എല്ലാ ചെറിയ പേശികളെയും നിയന്ത്രിക്കുന്നു.' അൾനാർ നാഡിയിൽ വരുന്ന മാറ്റങ്ങൾ കൈമുട്ടിലും കൈത്തണ്ടയിലും നാഡി വേദന, നാഡി ക്ഷതം എന്നിവയ്ക്ക് കാരണമാകുമ്പോൾ നാഡിയിൽ നേരിട്ട് സമ്മർീം ഉണ്ടാകുമ്പോഴാണ് അൾനാർ നാഡിക്ക് ഗുരുതരമായ ക്ഷതം സംഭവിക്കുന്നത്.
മറ്റൊരു നാഡി മീഡിയൻ നാഡിയാണ്. 2017 ലെ ഒരു പഠനത്തിൽ, ഹോങ്കോംഗ് പോളിടെക്‌നിക് യൂ്ിവേഴ്‌സിറ്റിയിലെ ഹെൽത്ത് ടെക്‌നോളജി ആൻഡ് ഇൻഫോമാറ്റിക്‌സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ പീറ്റർ വൈറ്റ്, അൾനാർ ഞരമ്പിനൊപ്പം പ്രവർത്തിക്കുന്ന മീഡിയൻ നാഡിയിൽ ഇലക്‌ട്രോണിക്‌സ് ഉപകരണത്തിന്റെ അമിതോപയോഗത്തിന്റെ ഫലങ്ങൾ പരിശോധിച്ചു. കൈകളും വിരലുകളും. ഒരു ദിവസം അഞ്ച് മണിക്കൂറിൽ കൂടുതൽ ഇലക്ട്രോണിക് ഉപകരണങ്ങൾ കൈവശം വെച്ച വിദ്യാർത്ഥികൾക്ക് അമിതോപയോഗമില്ലാത്ത കുട്ടികളേക്കാൾ കൂടുതൽ കൈത്തണ്ടയിലും കൈയിലും വേദന അനുഭവപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൈക്കും വിരലുകൾക്കും കേടുപാടുകൾ കുറയ്ക്കുന്നതിന്, 'കതഒ്യൂട്ടറുമായി ബന്ധപ്പെട്ട ജോലികൾക്കിടയിൽ കൈത്തണ്ട കഴിയുന്നത്ര ന്യൂട്രൽ പൊസിഷനോട് അടുത്ത് നിർത്തേണ്ടത് പ്രധാനമാണ്, മൊബൈൽ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ തള്ളവിരലും ചെറുവിരലും സ്ഥിരമായി വളയുന്നത് ഒഴിവാക്കുക, പ്രത്യേകിച്ച് ഏറെ നേരം ഒറ്റക്കൈ കൊണ്ട് മൊബൈൽ ഫോൺ കൈകാര്യം ചെയ്യുന്നത് അത്ര നല്ലതല്ല. അപരിഹാര്യമായ രീതിയിൽ അത് കൈവിരലുകളെ ദോഷകരമായി ബാധിക്കുമെന്നും പിന്നീട് ഏറെ വേദനിക്കേണ്ടി വരുമെന്നും വിശേഷിച്ച് ഇളം തലമുറയെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നത് നല്ലതായിരിക്കും.