മുംബൈ- വന്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2019ല്‍ അടച്ചു പൂട്ടിയ ഇന്ത്യയിലെ ആദ്യ സ്വാകാര്യ വിമാന കമ്പനി ജെറ്റ് എയര്‍വേയ്‌സ് വൈകാതെ വീണ്ടും പറന്നുയരും. കമ്പനിയുടെ പുതിയ സിഇഒ ആയി എയര്‍ലൈന്‍, ട്രാവല്‍ രംഗത്തെ പ്രമുഖനായ സഞ്ജീവ് കപൂറിനെ നിയമിച്ചു. മുന്‍ ഇന്ത്യന്‍ വ്യോമ സേന സ്‌ക്വാഡ്രന്‍ ലീഡറും നേപാള്‍ എയര്‍ലൈന്‍സില്‍ ഉന്നത ഉദ്യോഗസ്ഥനുമായിരുന്ന ക്യാപ്റ്റന്‍ പി പി സിങിനെ ഈയിടെ ജെറ്റ് എയര്‍വെയ്‌സ് കമ്പനിയുടെ പുതിയ അക്കൗണ്ടബ്ള്‍ മാനേജറായി നിയമിച്ചിരുന്നു. ഈ സമ്മറില്‍ തന്നെ പ്രവര്‍ത്തനം പുനരാരംഭിക്കാനിരിക്കുന്ന കമ്പനിയില്‍ ഉന്നതരുടെ നിയമനങ്ങള്‍ നടന്ന് വരികയാണ്. മുന്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് മേധാവിയായ വിപുല ഗുണതിലകെയെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി നേരത്തെ നിയമിച്ചിട്ടുണ്ട്.
ഏഷ്യയിലും യൂറോപ്പിലും യുഎസിലും എയര്‍ലൈന്‍, ട്രാവല്‍ രംഗത്ത് 20 വര്‍ഷത്തിലേറെ അനുഭവ സമ്പത്തുള്ള സഞ്ജീവ് കപൂര്‍ ആയിരിക്കും ജെറ്റിന്റെ തിരിച്ചുവരവിന് ചുക്കാന്‍ പിടിക്കുക. സഞ്ജീവ് ഇപ്പോള്‍ ഒബ്‌റോയ് ഹോട്ടല്‍സ് പ്രസിഡന്റാണ്. നേരത്തെ ജെറ്റ് എയര്‍വേയ്‌സ്, ഗോ എയര്‍, വിസ്താര എന്നീ വിമാന കമ്പനികളുമായി ചേര്‍ന്നും പ്രവര്‍ത്തിച്ചിട്ടുണ്ട്.