ന്യൂദല്‍ഹി- ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വന്‍തോതില്‍ വിദേശ രാജ്യങ്ങളിലേക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തിന് പോകുന്നതിന് രാജ്യം ഭരിച്ച മുന്‍ സര്‍ക്കാരുകളെ പഴിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. യുക്രൈനില്‍ നിന്നും രക്ഷപ്പെടുത്തി ഇന്ത്യയിലെത്തിച്ച വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രി മുന്‍ സര്‍ക്കാരുകളെ കുറ്റപ്പെടുത്തിയത്. മെഡിക്കല്‍ വിദ്യാഭ്യാസ നയം നേരത്തെ തന്നെ ശരിയായിരുന്നുവെങ്കില്‍ നിങ്ങള്‍ക്കാര്‍ക്കും വിദേശത്തേക്ക് പോകേണ്ടി വരുമായിരുന്നില്ല. ഈ പ്രായത്തില്‍ ഒരു രക്ഷിതാവും മക്കളെ വിദേശത്തേക്ക് അയക്കാന്‍ ആഗ്രഹിക്കില്ല- യുക്രൈനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളോട് മോഡി പറഞ്ഞു.
മുന്‍കാലങ്ങളില്‍ ഉണ്ടായ പിഴവുകള്‍ സര്‍ക്കാര്‍ നികത്തി വരികയാണ്. നേരത്തെ 300, 400 മെഡിക്കല്‍ കോളെജുകളാണ് രാജ്യത്തുണ്ടായിരുന്നത്. ഇപ്പോള്‍ അത് 700ന് അടുത്തെത്തി. നേരത്തെ 90000 വരെ ഉണ്ടായിരുന്ന സീറ്റുകള്‍ ഇപ്പോള്‍ ഒന്നര ലക്ഷെ വരെയായി ഉയര്‍ന്നിട്ടുണ്ട്. എല്ലാ ജില്ലകളിലും ഒരു മെഡിക്കല്‍ കോളെജ് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ 70 വര്‍ഷത്തിനിടെ പുറത്തിറങ്ങിയ ഡോക്ടര്‍മാരേക്കാള്‍ കൂടുതല്‍ പേരെ 10 വര്‍ഷം കൊണ്ട് പുറത്തിറക്കുമെന്നും മോഡി പറഞ്ഞു.
യുക്രൈനില്‍ പ്രതിസന്ധി നേരിട്ടതിനെ തുടര്‍ന്ന് രോഷത്തോടെ പ്രതികരിച്ച വിദ്യാര്‍ത്ഥികളോടും അവരുടെ കുടുംബത്തോടും ഐക്യപ്പെടുന്നുവെന്നും അവര്‍ നേരിട്ട പ്രയാസങ്ങള്‍ മനസ്സിലാകുമെന്നും മോഡി പറഞ്ഞു. അവര്‍ക്ക് രോഷം തോന്നുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. ഓപറേഷന് ഗംഗ എന്ന പേരില്‍ വലിയ സന്നാഹങ്ങളോടെയാണ് ഇന്ത്യ ഒഴിപ്പിക്കല്‍ നടത്തിയത്. രോഷം മാറുമ്പോള്‍ അവര്‍ ഈ ദൗത്യത്തെ പ്രകീര്‍ത്തിക്കുമെന്നും മോഡി പറഞ്ഞു.