ഇന്തോനേഷ്യൻ കൊപ്രയുടെ ഇറക്കുമതിയെത്തുടർന്ന് തേങ്ങ, കൊപ്ര വില ഇടിയുന്നു. കൊപ്ര വില ക്വിന്റലിന് 15,000 രൂപയിലേക്ക് നീങ്ങിയ അവസരത്തിലാണ് വ്യവസായികൾ ഇറക്കുമതിക്ക് നീക്കം നടത്തിയത്. വിദേശ ചരക്ക് എത്തിയതോടെ കൊപ്ര വില രണ്ടാഴ്ചക്കിടയിൽ 11,475 രൂപയായി താഴ്ന്നു. വിളവെടുപ്പ് നടക്കുന്നതിനാൽ ഗ്രാമീണ മേഖലകളിലും നഗരങ്ങളിലും തേങ്ങ ലഭ്യത ഉയർന്നു. രണ്ടാഴ്ചക്കിടയിൽ വെളിച്ചെണ്ണ വില 1700 രൂപയാണ് ഇടിഞ്ഞത്. ഇതിനിടെ ചെറുകിട കൊപ്രയാട്ട് വ്യവസായികൾ ചരക്ക് സംഭരണം കുറച്ചതും പ്രതിസന്ധി രൂക്ഷമാക്കി. കൊച്ചിയിൽ വെളിച്ചെണ്ണ 17,100 രുപയിലാണ്.
വിലയിടിവിന്റെ ലക്ഷണങ്ങൾ ദൃശ്യമായിട്ടും തേങ്ങാ സംഭരണത്തിനു സർക്കാർ ഏജൻസികൾ തയറായിട്ടില്ല. ആഗോള, ആഭ്യന്തര വിപണിയിൽ വെളിച്ചെണ്ണയുടെ ആവശ്യം കുറയുന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടി. യുഎസ് വിപണിയിലെ ഉപയോഗം നാലിലൊന്നായി കുറഞ്ഞിരിക്കുകയാണ്. വെളിച്ചെണ്ണയുടെ ഗുണങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന മട്ടിൽ ചില യുഎസ് മാധ്യമങ്ങളിൽ വന്ന വാർത്തയാണു തിരിച്ചടിയായത്. ഈ പ്രചാരണത്തിനെതിരെ ഫിലിപ്പൈൻസ് അടക്കമുള്ള നാളികേര ഉൽപാദക രാജ്യങ്ങൾ യുഎസ് ആരോഗ്യ മേഖലയെ സമീപിക്കാൻ ഒരുങ്ങുകയാണ്.
കേരളത്തിൽ കൊപ്രക്കു കിലോഗ്രാമിന് 140 രൂപ വിലയുള്ളപ്പോൾ ഇന്തോനേഷ്യയിൽ 80 രൂപയിൽ താഴെയാണ് വില. കുറഞ്ഞ വിലക്ക് കൊപ്ര ലഭിക്കാൻ തുടങ്ങിയതോടെ ഇന്ത്യയിലെ സ്വകാര്യ കമ്പനികൾ ഇന്തോനേഷ്യയിൽ ഓഫീസ് തുറന്ന് ഇറക്കുമതി നടത്തുകയാണ്.
നിലവിൽ കേരഫെഡിന്റെ നേതൃത്വത്തിലാണു പച്ചത്തേങ്ങ സംഭരണം നടക്കുന്നത്. കഴിഞ്ഞ വർഷം സംഭരണം നടത്തിയതു വഴി ലഭിക്കാനുള്ള 70 കോടിയിൽ 40 കോടി രൂപ മാത്രമാണു സർക്കാർ നൽകിയതെന്നതിനാൽ കേരഫെഡ് സംഭരണം മെല്ലെപ്പോക്കിലാണ്. പുതിയ സാഹചര്യത്തിൽ ഫിലിപ്പൈൻസ് ചരക്കും ഇറക്കുമതി നടത്തുമെന്നാണ് സൂചന. വൻകിട വ്യവസായികൾക്ക് അവരുടെ കയറ്റുമതിക്ക് അനുസൃതമായി ലഭിക്കുന്ന ഇൻസെന്റീവ് പ്രകാരമാണ് കൊപ്ര ഇറക്കുമതി നടത്തിയത്.
അതിനിടെ പാം ഓയിലിന്റെ ഇറക്കുമതി ഡ്യൂട്ടി കേന്ദ്രം ഉയർത്തി. ക്രൂഡ് പാം ഓയിലിന്റെ ഇറക്കുമതി നികുതി 30 ശതമാനത്തിൽ നിന്ന് 44 ലേക്കാണ് ഉയർത്തിയത്. ശുദ്ധീകരിച്ച പാം ഓയിലിന്റെ ഇറക്കുമതി തീരുവ 40 ൽ നിന്ന് 54 ശതമാനാക്കി. ഇത് പാചക എണ്ണകളുടെ ആഭ്യന്തര വില മെച്ചപ്പെടുത്താൻ സഹായിച്ചേക്കാം.