വരാണസി- യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ സമാജ്‌വാദി പാര്‍ട്ടിക്കു വേണ്ടി പ്രചാരണത്തിനെത്തിയ തന്നെ ബിജെപി പ്രവര്‍ത്തകര്‍ വരാണസില്‍ മര്‍ദിച്ചെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വി ആസന്നമാണെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു. ബുധനാഴ്ചയാണ് മമത വരാണസിയിലെത്തിയത്. യുപിയില്‍ ഏഴാമത്തേയും അവസാനത്തേയും ഘട്ട വോട്ടെടുപ്പില്‍ മാര്‍ച്ച് ഏഴിനാണ് വരാണസിയും മറ്റു എട്ട് അയല്‍ ജില്ലകളിലും പോളിംഗ് നടക്കുന്നത്.
ബുധനാഴ്ച വൈകീട്ട് എയര്‍പോര്‍ട്ടില്‍ ഇറങ്ങി ഗംഗ ആര്‍തിയില്‍ പങ്കെടുക്കാന്‍ ദശാശ്വമേധ് ഘട്ടിലേക്കു പോകുന്നതിനിടെയാണ് ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ തന്നെ തടഞ്ഞതെന്ന് മമത പറഞ്ഞു. തലച്ചോറില്‍ അക്രമം അല്ലാതെ മറ്റൊന്നുമില്ലാത്ത ചില ബിജെപി പ്രവര്‍ത്തകര്‍ എന്റെ കാര്‍ തടഞ്ഞു, കാറില്‍ അടിച്ചു എന്നെ പിടിച്ചു തള്ളുകയും തിരിച്ചു പോകാന്‍ ആവശ്യപ്പെടുകയും ചെയ്‌തെന്ന് മമത ആരോപിച്ചു. ഈ സംഭവത്തോടെയാണ് ബിജെപി തോല്‍ക്കാന്‍ പോകുകയാണെന്ന് തനിക്ക് മനസ്സിലായതെന്നും മമത പറഞ്ഞു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപം നല്‍കിയ തീവ്രഹിന്ദുത്വ സംഘടനയായ ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍ മമതയ്‌ക്കെതിരെ വരാണസിയില്‍ പ്രതിഷേധിച്ച് ഗോ ബാക്ക് വിളിച്ചിരുന്നു. പ്രതിഷേധക്കര്‍ മമതയ്‌ക്കെതിരെ തെറിയഭിഷേകവും നടത്തി. ഇതോടെ വാഹനം നിര്‍ത്തി പുറത്തിറങ്ങിയ മമത ഏതാനും മിനിറ്റ് ആക്രമികളോട് നേര്‍ക്കുനേര്‍ നിന്നു. അവര്‍ക്ക് എന്തു ചെയ്യാനാകുമെന്ന് കാണണം. അവര്‍ക്ക് എത്ര കരുത്തുണ്ടെന്ന് അറിയണം. പക്ഷെ അവര്‍ ഭീരുക്കളാണ്. ഞാനത് കണ്ടു- മമത പറഞ്ഞു.