കോഴിക്കോട്- വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത നവ്യ നായര്‍ ഇപ്പോഴും പ്രേക്ഷകരുടെ പ്രിയതാരമാണ്. ഇടവേളയ്ക്ക് ശേഷം താരം വീണ്ടും മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുകയാണ്. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന 'ഒരുത്തീ' എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ ഈ രണ്ടാം വരവ്.സിനിമയില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനത്തെ കുറിച്ചും തിരിച്ചുവരവിനെ കുറിച്ചുമൊക്കെ മനസുതുറക്കുകയാണ് നവ്യ. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
ജീവിതത്തില്‍ ഏറ്റവും ആശയക്കുഴപ്പം ഉണ്ടാക്കിയ ഘട്ടം ഏതായിരുന്നുവെന്ന ചോദ്യത്തിന് കല്യാണം എന്ന തീരുമാനത്തിലേക്ക് എത്താന്‍ കുറച്ചു സമയമെടുത്തിട്ടുണ്ടെന്നായിരുന്നു നവ്യയുടെ മറുപടി.കരിയര്‍ വിട്ടിട്ട് പോവണോ എന്ന് ചിന്തിച്ചിട്ടുണ്ട്. കല്യാണം കഴിഞ്ഞാല്‍ പിന്നെ അഭിനയിക്കുന്നത് അത്ര എളുപ്പമല്ലല്ലോ. അതൊക്കെ ആലോചിച്ചപ്പോള്‍ കല്യാണമെന്നത് കണ്‍ഫ്യൂഷനുണ്ടാക്കിയിരുന്നു. ചില സഹപ്രവര്‍ത്തകരൊക്കെ വിവാഹമോചിതരായ സമയവുമായിരുന്നു അന്ന്. ശരിക്കുപറഞ്ഞാല്‍ വിവാഹത്തെ കുറിച്ച് മനസില്‍ പേടിയുണ്ടായിരുന്നു. പിന്നെ ഞങ്ങള്‍ക്കൊക്കെ എന്തെങ്കിലും പ്രശ്‌നം വന്നാല്‍ അത് വലിയ വാര്‍ത്തയുമാകും. അത് ജീവിതത്തില്‍ ഏറ്റവും ആശയക്കുഴപ്പമുണ്ടാക്കിയ ഘട്ടമായിരുന്നു', നവ്യ പറയുന്നു. കരിയറില്‍ ഉയരങ്ങളിലേക്ക് പോകുന്ന സമയത്തുണ്ടായ കൂടുമാറ്റം മാനസികമായി എങ്ങനെയാണ് ബാധിച്ചത് എന്ന ചോദ്യത്തിന് നവ്യയുടെ മറുപടി ഇങ്ങനെ 'തുടര്‍ച്ചയായി ഒരുപാട് സിനിമകളിലഭിനയിച്ച് ഷൂട്ടും തിരക്കുകളുമായിരുന്ന സമയമായിരുന്നുവത്. കല്യാണാലോചന വന്നപ്പോള്‍ വലിയ വിഷമമൊന്നും തോന്നിയില്ല. പക്ഷേ കല്യാണശേഷം ബഹളവും ആരവവുമൊക്കെ ഒഴിഞ്ഞ് മുംബൈയിലേക്ക് ജീവിതം പറിച്ചു നടുകയായിരുന്നു.അതുവരെ ഫഌറ്റില്‍ ജീവിക്കാത്ത ഞാന്‍ അവിടുത്തെ ഫഌറ്റില്‍ ഒറ്റയ്ക്ക് കഴിയുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു. ഒന്നുമില്ല, നാളെ ഒന്നും ചെയ്യാനില്ല. പക്ഷേ ഇന്നുവരെ അതിനെ കുറിച്ചോര്‍ത്ത് ദു:ഖിച്ചിട്ടില്ല. പുതിയ ഓരോ കാര്യങ്ങള്‍ ചെയ്തുപോന്നു. പാചകം പഠിച്ചു. പിന്നെ മോനുണ്ടായി. അവന്റെ കാര്യങ്ങളെല്ലാം നോക്കി ജീവിച്ചു. മകന്‍ വലുതായപ്പോള്‍ വീണ്ടും നൃത്തം ചെയ്യാന്‍ തുടങ്ങി. ഇപ്പോഴിതാ വീണ്ടും സിനിമ ചെയ്യാമെന്ന തോന്നലും വന്നു,' നവ്യ പറയുന്നു.