Sorry, you need to enable JavaScript to visit this website.

കർഷക പ്രക്ഷോഭം; മുഖ്യമന്ത്രിയുമായി ചർച്ച, മുൾമുനയിൽ മുംബൈ

മുംബൈ- വിവിധ ആവശ്യങ്ങളുന്നയിച്ച് മഹാരാഷ്ട്രയിലെ കർഷകർ നടത്തുന്ന ലോംഗ് മാർച്ച് മുംബൈയിലെ ആസാദ് മൈതാനത്തിൽ. മാർച്ചിന് നേതൃത്വം നൽകുന്ന അഖിലേന്ത്യ കിസാൻ സഭ നേതാക്കൾ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി രാവിലെ പതിന്നൊന്നരക്ക് ചർച്ച നടത്തും. നിയമസഭ ഉപരോധിക്കണമോ എന്ന കാര്യം ചർച്ചക്ക് ശേഷമേ തീരുമാനിക്കൂ. കർഷകരെ ആസാദ് മൈതാനത്തിന് പുറത്തേക്ക് അനുവദിക്കില്ലെന്ന നിലപാടിലാണ് സർക്കാർ. സമരക്കാരെ നേരിടാൻ ടിയർ ഗ്യാസ് അടക്കമുള്ള സംവിധാനങ്ങൾ പോലീസ് ഒരുക്കിയിട്ടുണ്ട്. സെക്രട്ടറിയേറ്റിന് മുന്നിലും കർഷകർ തമ്പടിച്ച ആസാദ് മൈതാനിക്ക് സമീപത്തും കനത്ത പോലീസ് ബന്തവസും ഏർപ്പെടുത്തി. 
അതിനിടെ, കർഷകർക്ക് മികച്ച സ്വീകരണമാണ് മുംബൈയിൽ ലഭിക്കുന്നത്. വിവിധ തുറകളിൽനിന്നുള്ളവർ ഭക്ഷണവും വെള്ളവും മറ്റ് സൗകര്യങ്ങളും നൽകിയാണ് കർഷകരെ സ്വീകരിക്കുന്നത്. താനെ മഡാതാഡ ജാഗരൺ മഞ്ച് അഞ്ഞൂറ് കിലോയിലധികം വരുന്ന ഭക്ഷണം വിതരണം ചെയ്തു. കിലോമീറ്ററുകൾ നടന്നുതീർത്തതോടെ കാലടികൾ പൊട്ടിയ കർഷകർക്ക് ചില സംഘടനകൾ ചെരിപ്പുകൾ സംഭാവന നൽകി. ഇത്രയും ദൂരം ചെരിപ്പ് പോലും ധരിക്കാതെ കർഷകർ നടന്നുതീർത്തത് അത്ഭുതകരമാണെന്ന് കർഷകർക്ക് നൂറു ജോഡി ചെരിപ്പുകൾ സംഭാവന ചെയ്ത നിത കർണിക് പറഞ്ഞു. കർഷകരുടെ ദുരിതം കണ്ടറിഞ്ഞ ചിലർ തങ്ങളുടെ സ്വന്തം ചെരിപ്പുകൾ കർഷകർക്ക് ഊരി നൽകുന്നതും കാണാമായിരുന്നു. 


ആറു ദിവസം മുമ്പ് നാസിക്കിൽനിന്ന് ആരംഭിച്ച കർഷക മാർച്ചിൽ ഏകദേശം അരലക്ഷം കർഷകരാണ് അണിനിരക്കുന്നത്. ആറു ദിവസം കൊണ്ട് 180 കിലോമീറ്റർ താണ്ടിയാണ് കർഷകർ എത്തിയത്. 
അനാവശ്യമായ ഒരാവശ്യവും തങ്ങൾ ഉന്നയിച്ചിട്ടില്ലെന്നും ബാങ്കുകാർ തങ്ങളെ കൊള്ളയടിക്കുകയാണെന്നും മാർച്ചിൽ പങ്കെടുക്കുന്ന കർഷകർ പറയുന്നു. വിളകൾക്ക് മിനിമം വില നൽകുക എന്ന ആവശ്യമാണ് ഉന്നയിക്കുന്നതെന്നും കർഷകർ വ്യക്തമാക്കുന്നു. 
കാർഷിക കടം എഴുതിത്തള്ളുക, വിവിധ പദ്ധതികൾക്കായി സർക്കാർ ഏറ്റെടുത്ത ഭൂമിക്കു മതിയായ നഷ്ടപരിഹാരം നൽകുക, താങ്ങുവില സംബന്ധിച്ച സ്വാമിനാഥൻ കമ്മിഷൻ നിർദേശങ്ങൾ നടപ്പാക്കുക, പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് ഏക്കറിനു 40,000 രൂപ വീതം നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകരുടെ പ്രക്ഷോഭം.  

സി.പി.എമ്മിന്റെ കർഷക സംഘടനയായ അഖിലേന്ത്യാ കിസാൻ സഭ പ്രഖ്യാപിച്ച സമരത്തിന് സി.പി.ഐയും പെസന്റ് ആൻഡ് വർക്കേഴ്‌സ് പാർട്ടിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ സമീപകാലത്തു നടക്കുന്ന ഏറ്റവും വലിയ പ്രക്ഷോഭം കൂടിയാണിത്. ഗോത്രവർഗത്തിൽനിന്നുള്ള നൂറുകണക്കിനാളുകളും പ്രക്ഷോഭത്തിന് പിന്തുണയുമായെത്തിയതും ശ്രദ്ധേയമായി. ഇന്നലെ രാത്രി ആസാദ് മൈതാനിയിൽ തമ്പടിക്കുമെന്നായിരുന്നു പ്രക്ഷോഭകർ ആദ്യം പറഞ്ഞത്. പ്രക്ഷോഭകരെ ആസാദ് മൈതാനത്തിൽനിന്ന് പുറത്തേക്ക് പോകാൻ പോലീസ് അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.

Latest News