സൈജു കുറുപ്പിന്റെ നൂറാം ചിത്രമായ ഉപചാരപൂര്‍വം ഗുണ്ട എന്ന ചിത്രത്തിന് റിട്ട. ഡിജിപി ഋഷി രാജ് സിംഗ് ഐ.പി.എസിന്റെ നിരൂപണം. തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ഈ ചിത്രത്തെ കുറിച്ച് അദ്ദേഹം എഴുതിയ വാക്കുകള്‍ ഇങ്ങനെ:
'ഒരു സിനിമയില്‍ ഉദ്വേഗജനകമായ നിമിഷങ്ങള്‍ സൃഷ്ടിക്കുന്നതിന് ഒരത്മാവോ, പ്രേതമോ അല്ലെങ്കില്‍ ഇരുട്ടിന്റെ പശ്ചത്തലമോ ധാരാളം മതിയാവും. എന്നാല്‍ ഒരു ഗ്രാമത്തിലെ സാധാരണ കല്യാണ വീട്ടില്‍ നടക്കുന്ന നിഗൂഢതകള്‍ നിറഞ്ഞ സംഭവ വികാസങ്ങള്‍ കഴിവുറ്റ സംവിധായകന്‍ ഒപ്പിയെടുത്തതാണ് ഈ സിനിമ. പെണ്‍കുട്ടിയുടെ താല്‍പര്യം കണക്കിലെടുക്കാതെ നടത്തുന്ന കല്യാണം. ആ കല്യാണം അനുബന്ധിച്ച് അവിടെ നടക്കുന്ന സംഭവങ്ങള്‍, നമ്മുടെ വിരലുകള്‍ കടിച്ചുകൊണ്ട് രോമാഞ്ചത്തോട് കൂടി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. ഒരു സിനിമയില്‍ കഥയോളം തന്നെ പ്രാധാന്യം അതിന്റെ സബ് പ്ലോട്ടുകള്‍ക്കും ഉണ്ടെന്ന് നിസ്സംശയം പറയാനാകും. കഥ പറഞ്ഞു തുടങ്ങുമ്പോള്‍ വിവാഹത്തിന് പങ്കെടുക്കാന്‍ വന്നിരിക്കുന്നവരും മറ്റു കഥാപാത്രങ്ങളും നമ്മുടെ മുന്നില്‍ സൃഷ്ടിക്കുന്ന ഓരോ ദൃശ്യവും ചിരിച്ചു കൊണ്ടല്ലാതെ കണ്ട് തീര്‍ക്കാന്‍ കഴിയില്ല.
സാധാരണ രീതിയില്‍ ന്യൂ ജനറേഷന്‍ മലയാളം സിനിമകളില്‍ സംഗീതത്തിന് വലിയ പ്രാധാന്യം ഉണ്ടാകാറില്ല, എന്നാല്‍ ഈ സിനിമയില്‍ അജിത്ത് പി വിനോദന്റെ വരികള്‍ക്ക് സംഗീത സംവിധായകന്‍ ബിജിബാല്‍ ഈണം നല്‍കിയപ്പോള്‍ ലഭിച്ച മനോഹരങ്ങളായ ഗാനങ്ങള്‍ ചിത്രത്തിനെ വേറൊരു തലത്തില്‍ കൊണ്ടെത്തിച്ചിരിക്കുന്നു. അരുണ്‍ വൈഗ എന്ന കഴിവുറ്റ കലാകാരന്‍ തന്റെ കഥയില്‍ തീര്‍ത്ത മികച്ച തിരക്കഥയെ അതിന്റെ പൂര്‍ണ്ണതയില്‍ തന്നെ തിരശ്ശീലയില്‍ കൊണ്ട് വന്നിട്ടുണ്ട്. ഈ ചിത്രത്തിന്റെ ശരിക്കുള്ള സ്റ്റാര്‍ എന്ന് പറയേണ്ടത് തിരക്കഥാകൃത്ത് രാജേഷ് വര്‍മ്മ തന്നെയാണ്. കഥയും തിരക്കഥയും പോലെ തന്നെ മികച്ചവയായിരുന്നു രാജേഷ് വര്‍മ്മയുടെ സംഭാഷണങ്ങളും. കലാകാരന്മാര്‍ അവരുടെ ഡയലോഗുകള്‍ പറയുമ്പോള്‍ ലഭിച്ച കയ്യടികള്‍ അതിനുദാഹരണമാണ്.
സൈജു കുറുപ്പ് എന്ന അതുല്യ നടന്റെ വീട്ടുകാരണവര്‍ വേഷം വളരെ മികച്ചതായിരുന്നു. കേന്ദ്ര കഥാപാത്രമായിട്ടുള്ള അദ്ദേഹത്തിന്റെ അഭിനയമികവ് ഏറെ പ്രശംസയര്‍ഹിക്കുന്നു. നായികയുടെ ഇളയച്ഛനായ ദുബായിക്കാരന്‍ വേഷത്തില്‍ അഭിനയിച്ച ജോണി ആന്റണി തന്റെ പ്രത്യേക മാനറിസവും വ്യത്യസ്തമായ സംഭാഷണ ശൈലിയും കൊണ്ട് അഭിനയിച്ച വേഷം അസലായിരുന്നു. സിനിമയില്‍ കയ്യടി നേടിയ മറ്റൊരു കഥാപാത്രം പട്ടാളത്തിലെ കേണലായി അഭിനയിച്ച സുധീര്‍ കരമന ആയിരുന്നു. അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യ വേഷം ചെയ്ത കലാകാരി ശൈലജ അമ്പുവും അവരുടെ പ്രത്യേക സംഭാഷണ ശൈലി കൊണ്ടുള്ള അവരവരുടെ വേഷം ആളുകളില്‍ കൂടുതല്‍ ഹരം കൊള്ളിച്ചു.
സിനിമയുടെ തുടക്കം മുതല്‍ക്ക് തന്നെ വെള്ളം കുടിച്ച് കൊണ്ടിരിക്കുന്ന ഒരു കഥാപാത്രം, സാബു മോന്റെ കയ്യില്‍ ഭദ്രമായിരുന്നു. കൂടാതെ കല്യാണ പാചകക്കാരന്‍ വേഷം ചെയ്ത ഹരീഷ് കണാരന്റെ അഭിനയവും പ്രേക്ഷകശ്രദ്ധ പിടിച്ച് പറ്റി. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയതിന് സിനിമയുടെ എഡിറ്റര്‍ കിരണ്‍ ദാസ് വഹിച്ച പങ്ക് ചെറുതല്ല.
സിജുവില്‍സണ്‍, ശബരീഷ് വര്‍മ്മ, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, ഷാനി ഷാക്കി, വൃന്ദ മേനോന്‍, നയന, പാര്‍വതി തുടങ്ങിയവരുടെ കഥാപാത്രങ്ങളും ഒപ്പത്തിനൊപ്പം മികച്ചു നിന്നവയാണ്. മലയാള സിനിമയുടെ സ്ഥിരം ശൈലിയൊക്കെ ഏറെ മാറി കഴിഞ്ഞിരിക്കുന്നു. ഒരു വലിയ നടനെ കൊണ്ട് വന്ന കൊണ്ടോ, ലോകം ചുറ്റിയുള്ള ഫ്രയിമുകള്‍ കൊണ്ട് വന്ന കൊണ്ടോ സിനിമ ഹിറ്റവണം എന്നില്ല. നല്ല കഥയും, തിരക്കഥയും ഉണ്ടെങ്കില്‍ നാല് ചുവരുകള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് തന്നെ ഇതു പോലെയുള്ള നല്ല സിനിമകള്‍ തയാറാക്കി പ്രേക്ഷകരുടെ അഭിനന്ദനം നേടാവുന്നതാണ്.