Sorry, you need to enable JavaScript to visit this website.

ഉക്രൈനില്‍നിന്ന് മടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍

ന്യൂദല്‍ഹി- കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് ചൈനയിലെ  സര്‍വകലാശാലകള്‍ വിടാന്‍ നിര്‍ബന്ധിതരായവരുടെ അതേ അനിശ്ചിതത്വമാണ് ഉക്രൈനില്‍ മെഡിസിന്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ നേരിടുന്നത്. തങ്ങളുടെ സര്‍വ്വകലാശാലകളിലേക്ക് മടങ്ങുന്നതിലും ഓഫ്ലൈനില്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നതിലും തങ്ങളുടെ ഭാവി ഇരുളടഞ്ഞതാണെന്ന് അവര്‍ പറയുന്നു.

ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളുടെ അഭിപ്രായത്തില്‍, അവര്‍ക്ക് ഒന്നിലധികം വര്‍ഷത്തെ നഷ്ടം വരുത്തുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ അംഗീകരിക്കുന്നില്ല.

കോവിഡ് നിയന്ത്രണങ്ങള്‍ കാരണം, പലരും കോഴ്സ് പൂര്‍ത്തിയാക്കാന്‍ അര്‍മേനിയയിലെ കോളേജുകളിലേക്ക് മാറിയെന്ന് ചൈനയില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ പറയുന്നു, മറ്റുള്ളവര്‍ (പ്രത്യേകിച്ച് അവസാന വര്‍ഷത്തില്‍ ഉള്ളവര്‍) തങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചു. ചൈനയിലേക്ക് മടങ്ങാന്‍ അവരെ സഹായിക്കണമെന്നാണ് ആവശ്യം. ഇന്ത്യയിലെ മെഡിക്കല്‍ സീറ്റുകളുടെ കുറവും സ്വകാര്യ സ്ഥാപനങ്ങളിലെ കോളേജ് ഫീസ് കുതിച്ചുയരുന്നതുമാണ് -- വിദ്യാര്‍ഥികള്‍ വിദേശത്തേക്ക് പോകുന്നതിന്റെ പ്രധാന കാരണമെന്ന് അവര്‍ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിലായി തിരിച്ചെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ പലരും ഉക്രൈനിലെ സര്‍വകലാശാലകളില്‍ അവസാന വര്‍ഷം പഠിക്കുന്നവരാണ്. ഫീസ് മുഴുവന്‍ അടച്ച് പഠനകാലം തീരുന്നത് കാത്തിരുന്നവര്‍ക്കിടയിലാണ് അശനിപാതം പോലെ യുദ്ധം വന്ന് പതിച്ചത്. ഇനി മടങ്ങിപ്പോക്ക് സാധ്യമാണോ, കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ എന്തുചെയ്യും തുടങ്ങിയ ആശങ്കകളിലാണ് വിദ്യാര്‍ഥികള്‍. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ വേണ്ടിവരുമെന്നതാണ് രക്ഷാകര്‍ത്താക്കള്‍ അടക്കം ചൂണ്ടിക്കാട്ടുന്നത്.

 

Latest News