പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പോലീസ് വേഷത്തില്‍ സുരേഷ് ഗോപി. ജോഷി ഒരുക്കുന്ന പാപ്പന്‍ എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി പോലീസ് വേഷത്തിലെത്തുന്നത്. പോലീസ് ഗെറ്റപ്പിലുള്ള സുരേഷ് ഗോപിയുടെ ചിത്രം അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. 'എബ്രഹാം മാത്യൂസ് പാപ്പന്‍ ഐപിഎസ്' എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന പാപ്പന്‍ സുരേഷ്ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രംകൂടിയാണ്. സുരേഷ് ഗോപിയെ സോളോ ഹീറോ ആക്കി 22 വര്‍ഷത്തെ ഇടവേളക്ക് ശേഷം ജോഷി ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി പാപ്പന് അവകാശപ്പെട്ടതാണ്. 'വാഴുന്നോര്‍' ആണ് ഇതിനു മുന്‍പ് സുരേഷ് ഗോപി സോളോ ഹീറോ ആയി വന്ന ജോഷി ചിത്രം.
ഗോകുല്‍ സുരേഷ്, നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങി വമ്പന്‍ താര നിരയാണ് അണിനിരക്കുന്നത്. ആദ്യമായാണ് സുരേഷ് ഗോപിയും ഗോകുലും ഒരു സിനിമയില്‍ ഒന്നിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.