Sorry, you need to enable JavaScript to visit this website.

യുക്രൈനില്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ ദുരൂഹ അടയാളങ്ങള്‍; ആക്രമണ ഭീതി

കീവ്- റഷ്യന്‍ സൈന്യം അധിനിവേശത്തിലൂടെ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന യുക്രൈനില്‍ ചില നഗരങ്ങളിലെ കെട്ടിടങ്ങളില്‍ ദുരുഹ അടയാളങ്ങള്‍ പ്രത്യക്ഷപ്പെട്ടത് ജനങ്ങളില്‍ ആശങ്ക പടര്‍ത്തുന്നു. റഷ്യ ആക്രമണം നടത്താന്‍ ഉന്നമിട്ട സ്ഥലങ്ങളാകാം ഇതെന്ന് സംശയിക്കുന്നു. യുക്രൈന്‍ അധികാരികള്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. തലസ്ഥാന നഗരമായ കീവില്‍ ഉടനീളം പല കെട്ടിടങ്ങളില്‍ x എന്ന ചുവന്ന അടയാളം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. റഷ്യന്‍ സൈന്യത്തിന് സൂചന നല്‍കുന്ന ചില ദൂരൂഹ വ്യക്തികളാണ് ഇതിനു പിന്നിലെന്ന് യുക്രൈന്‍ അധികൃതര്‍ പറയുന്നു. വ്യോമാക്രമണത്തിനുള്ള അടയാളമായിരിക്കാം ഇതെന്നും സംശയിക്കപ്പെടുന്നു. വെളിച്ചമടിച്ചാല്‍ പ്രതിഫലിക്കുന്ന രീതിയിലാണ് ഈ അടയാളങ്ങള്‍. തങ്ങളുടെ കെട്ടിടങ്ങളില്‍ ഇത്തരം അടയാളങ്ങളുണ്ടോ എന്ന് ഉടന്‍ പരിശോധിക്കണമെന്ന് കീവ് നഗര ഭരണകൂടം ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവ കണ്ടെത്തിയാല്‍ ഉടന്‍ മായ്ച്ചു കളയുകയോ മറച്ചുവെക്കുകയോ ചെയ്യണമെന്നും ഫെയ്‌സ്ബുക്കിലൂടെ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സമാന സന്ദേശം പടിഞ്ഞാറന്‍ യുക്രൈന്‍ നഗരമായ റിവ്‌നെയിലെ മേയര്‍ അലെക്‌സാണ്ടര്‍ ട്രെട്യാക്കും ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചു. 

യുഎസും പാശ്ചാത്യ രാജ്യങ്ങളും റഷ്യയ്‌ക്കെതിരെ ഉപരോധം കടുപ്പിച്ചിട്ടുണ്ടെങ്കിലും യുക്രൈനെതിരായ ആക്രമണത്തില്‍ നിന്ന് റഷ്യ പിന്‍വാങ്ങിയിട്ടില്ല. നിരവധി പേരെ കൊന്നുടുക്കി റഷ്യയുടെ സേന ആക്രമണം തുടരുകയാണ്. ഇത് മേഖലയില്‍ വലിയ അഭയാര്‍ത്ഥി പ്രതിസന്ധിയിലേക്കു നയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളും സമാധാന ചര്‍ച്ച നടത്തിയെങ്കിലും കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല.

Latest News