ബെയ്ജിംഗ് - ചൈനയിൽ വിവാഹങ്ങൾ ഗണ്യമായി കുറഞ്ഞുവരവെ ജനന നിരക്ക് എക്കാലത്തേയും താഴ്ന്ന നിലയിലേക്ക്. വിവാഹ രജിസ്ട്രേഷനിലുള്ള കുറവിനു പുറമെ, വിവാഹിതരാകുന്നവരുടെ പ്രായക്കൂടതലും ജനനനിരക്ക് താഴാൻ കാരണമാണെന്ന് വിലയിരുത്തപ്പെടുന്നു. 2019 ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 2020 ന്റെ ആദ്യ മൂന്ന് പാദങ്ങളിൽ ചൈനയിലെ വിവാഹ രജിസ്ട്രേഷനുകളുടെ എണ്ണം 17.5 ശതമാനം കുറഞ്ഞു.
ജിയാങ്‌ഷു പ്രവിശ്യയിലെ വിവാഹങ്ങൾ അഞ്ച് വർഷമായി കുറഞ്ഞുവരികയാണ്അ. ഷെജിയാങ് പ്രവിശ്യയുടെ തലസ്ഥാനമായ ഹാങ്‌സൗ നഗരത്തിൽ, 2021-ൽ രജിസ്റ്റർ ചെയ്ത വിവാഹങ്ങളുടെ എണ്ണം 2011-ൽ രജിസ്റ്റർ ചെയ്ത വിവാഹങ്ങളെ അപേക്ഷിച്ച് 80 ശതമാനത്തിൽ താഴെ മാത്രമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, വിവാഹിതരായ ചൈനക്കാരിൽ 46.5 ശതമാനം പേരും 30 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. ഇതിനു പുറമെ, കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി കർശനമായി നടപ്പിലാക്കിവരുന്ന ഒറ്റക്കുട്ടി നയവും ജനനനിരക്ക് കുറയാൻ കാരണമായി.
നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ഓഫ് ചൈനയുടെ കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് ജനനനിരക്ക് 1000 പേർക്ക് 7.52 എന്ന എക്കാലത്തെയും താഴ്ന്ന നിരക്കിലാണ്.
സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിച്ചുകൊണ്ട് ജനനനിക്ക് വർധിപ്പിക്കുന്നതിന് സർക്കാർ നടപടികൾ സ്വീകരിച്ചുവെങ്കിലും വിജയിച്ചിട്ടില്ല.