Sorry, you need to enable JavaScript to visit this website.

കുവൈത്ത് രക്ഷാദൗത്യത്തെ കുറിച്ച് എന്തു പറയാനുണ്ട് ; ഓപ്പറേഷൻ ഗംഗയിലെ വീഴ്ചയെ കുറിച്ച് യശ്വന്ത് സിൻഹ

ന്യൂദൽഹി- ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യം ഇഴഞ്ഞുനീങ്ങവെ കേന്ദ്ര സർക്കാരിനെതിരെ ആക്രമണം ശക്തമാക്കി കോൺഗ്രസും തൃണമൂൽ കോൺഗ്രസും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ. ഫലപ്രദാമായ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കഴിവുകേടാണ് പ്രകടമാകുന്നതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

ഉക്രൈൻ രക്ഷാ ദൗത്യത്തിന്റെ വിജയത്തെ കുറിച്ച് യു.പിയിലെ തെരഞ്ഞെടുപ്പ് റാലികളിൽ വലിയ കാര്യം ചെയ്തുവെന്ന തരത്തിലാണ് പ്രധാനമന്ത്രി മോഡി പറയുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയമായി യശ്വന്ത് സിൻഹ പറഞ്ഞു. ഇന്ത്യക്കാരെ തിരികെ എത്തിക്കുക എന്നത് സർക്കാരിന്റെ ചുമതലയാണെന്നും അത് നിർവഹിക്കാതെയാണ് തെരഞ്ഞെടുപ്പ് റാലിയിൽ അവകാശവാദം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഇതേക്കാളും വലിയ രക്ഷാ ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ടെന്ന് 1990 ലെ ഗൾഫ് യുദ്ധകാലത്തെ ഒഴിപ്പിക്കലിനെ അനുസ്മരിച്ച് അദ്ദേഹം പറഞ്ഞു. കുവൈത്തിൽനിന്ന് ഇന്ത്യ ഒഴിപ്പിച്ചു കൊണ്ടുവന്നവരുടെ എണ്ണം 1,70,000 ആയിരുന്നു. 1990 ഓഗസ്റ്റിനും സെപ്റ്റംബറിനുമിടയിലാണ് ഇത്രയും പേരെ ഇന്ത്യയിലെത്തിച്ചത്. അക്കാലത്ത് വിദേശമന്ത്രിയായിരുന്ന മുൻപ്രധാനമന്ത്രി ഐ.കെ. ഗുജ്റാളാണ് മേൽനോട്ടം വഹിച്ചത്.

ഉക്രൈനിൽ കുടങ്ങിയ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം 18,000 മാത്രമാണ്. അവരെ പോലും എളുപ്പത്തിൽ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാരിനു കഴിയുന്നില്ല. ഉക്രൈനിൽ യുദ്ധം വരുന്നുവെന്ന് കേന്ദ്രത്തിനു നേരത്തെ തന്നെ അറിയാമായിരുന്നു. ഉക്രൈൻ വ്യോമമേഖല അടയപ്പെടുന്നതിനുമുമ്പ് അവിടെ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടിയിരുന്നുവെന്നും യശ്വന്ത് സിൻഹ പറഞ്ഞു. 

Latest News