Sorry, you need to enable JavaScript to visit this website.

രണ്ടു ദിവസത്തിനുള്ളില്‍ 13 വിമാനങ്ങള്‍ ഉക്രൈന്‍ അതിര്‍ത്തിയിലേക്ക്

ന്യൂദല്‍ഹി- ഉക്രൈനില്‍നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ 13 വിമാനങ്ങള്‍ അയക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഉക്രൈയിന്റെ അതിര്‍ത്തി രാജ്യങ്ങളിലേക്ക് രക്ഷാദൗത്യത്തിന് മേല്‍നോട്ടം വഹിക്കാന്‍ നാലു കേന്ദ്ര മന്ത്രിമാര്‍ ഇന്ന് പുറപ്പെട്ടു.
മന്ത്രിമാരായ ഹര്‍ദീപ് സിംഗ് പുരി, കിരണ്‍ റിജിജു, ജ്യോതിരാദിത്യ സിന്ധ്യ, വി.കെ സിംഗ് എന്നിവരാണ് ഉക്രൈന്റെ അതിര്‍ത്തി രാജ്യങ്ങളിലേക്കു പുറപ്പെട്ടത്. ഹര്‍ദീപ് സിംഗ് പുരി ഹംഗറിയിലും ജ്യോതിരാദിത്യ സിന്ധ്യ റൊമാനായിയിലും മാള്‍ഡോവയിലും കിരണ്‍ റിജിജു സ്ലോവാക്യയിലും വി.കെ സിംഗ് പോളണ്ടിലുമാണ് രക്ഷാ ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.
അതിര്‍ത്തികളിലേക്ക് നേരിട്ടു സഞ്ചരിച്ച് എത്തരുതെന്നാണ് സര്‍ക്കാര്‍ ഉക്രൈനിലുള്ള ഇന്ത്യക്കാര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചു മാത്രമേ രക്ഷാദൗത്യം നടക്കുന്ന അതിര്‍ത്തികളിലേക്ക് എത്താവൂ. ഉക്രൈന്‍ അതിര്‍ത്തികളില്‍ വലിയ ജനക്കൂട്ടമാണുള്ളത്. പടിഞ്ഞാറന്‍ ഉക്രൈന്‍ വഴി മാത്രമേ ആളുകള്‍ അതിര്‍ത്തികളിലേക്കു നീങ്ങാവൂ. അതിര്‍ത്തികളില്‍ എത്തിയാല്‍ തന്നെ തിക്കും തിരക്കും ഉണ്ടാക്കരുത്. രക്ഷാദൗത്യത്തിന് കൂടുതല്‍ സമയം എടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കീവിലെയും ഖാര്‍കിവിലെയും സ്ഥിതിഗതികള്‍ സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ട്. ഹംഗറി അതിര്‍ത്തി വഴിയും രക്ഷാദൗത്യം വ്യാപിപ്പിക്കുന്നുണ്ട്. മോള്‍ഡോവ വഴിയും ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ പുതിയ പാത തുറന്നിട്ടുണ്ട്. ഉക്രൈന്‍ സര്‍ക്കാരും മടങ്ങിപ്പോകുന്നവര്‍ക്ക് വേണ്ടി ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്. റെയില്‍വേ സ്‌റ്റേഷനുകളില്‍ തികഞ്ഞ അച്ചടക്കം പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചു. രക്ഷാദൗത്യം ഏകോപിപ്പിക്കാനും സഹായ അഭ്യര്‍ഥനകള്‍ക്കുമായി പ്രത്യേക ട്വിറ്റര്‍ ഹാന്‍ഡിലും ആരംഭിച്ചിട്ടുണ്ട്.
ഓപ്പറേഷന്‍ ഗംഗ എന്നു പേരിട്ടിരിക്കുന്ന രക്ഷാദൗത്യത്തിലൂടെ മുഴുവന്‍ ഇന്ത്യക്കാരെയും ഉക്രൈനില്‍നിന്നു മടക്കി എത്തിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞത്. പോളണ്ട് അതിര്‍ത്തിയില്‍ പലായനം ചെയ്യുന്നവരുടെ ബാഹുല്യം കണക്കിലെടുത്ത് മറ്റു ബദല്‍ മാര്‍ഗങ്ങളും തേടുന്നുണ്ട്. അസല്‍ പാസ്‌പോര്‍ട്ട് ഇല്ലാത്ത ഇന്ത്യക്കാര്‍ക്കു നാട്ടിലേക്കു മടങ്ങാന്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെന്നും വിദേകാര്യ മന്ത്രാലയം പാര്‍ലമെന്ററി സമിതിയില്‍ വ്യക്തമാക്കി.
വിദ്യാര്‍ഥികളെ മടക്കി കൊണ്ടു വരുന്നതിനാണ് ഓപ്പറേഷന്‍ ഗംഗയില്‍ മുന്‍തൂക്കം നല്‍കുന്നത് എന്നാണ് ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞത്. ഇതുവരെ ആറു വിമാനങ്ങളിലായി 1396 ഇന്ത്യക്കാര്‍ രാജ്യത്തു മടങ്ങി എത്തിയെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. നിലവില്‍ ഉക്രൈനില്‍ കഴിയുന്ന ഇന്ത്യക്കാര്‍ ഒരു തരത്തിലും പരിഭ്രാന്തരാകേണ്ടതില്ലെന്നും വിദേശകാര്യ വക്താവ് അരിന്‍ദം ബാഗ്ചി പറഞ്ഞു. വിമാനങ്ങളുടെ ലഭ്യത ഓര്‍ത്ത് വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ല. അതിര്‍ത്തി കടന്നെത്തിയവരെ അതിവേഗം ഇന്ത്യയിലെത്തിക്കും. പ്രധാന ആശങ്ക ഇന്ത്യക്കാരെ സുരക്ഷിതമായി ഉക്രൈന്‍ അതിര്‍ത്തി കടത്തിവിടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest News