മുസഫർനഗർ - ഉത്തർ പ്രദേശ് സർക്കാർ ജയിലിലടച്ച ദലിത് നോതാവും ദലിത് അവകാശ സംഘടനയായ ഭിം ആർമി സ്ഥാപകനുമായ ചന്ദ്രശേഖർ ആസാദിന്റെ മോചനമാവശ്യപ്പെട്ട് ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ദലിത് പ്രക്ഷോഭം ശക്തിയാർജ്ജിക്കുന്നു. ഹരിദ്വാർ, ഷംലി, സഹാറൻപൂർ എന്നിവിടങ്ങളിൽ ആയിരക്കണക്കിനു ദലിതർ ജയിൽ നിറക്കൽ സമരവുമായി രംഗത്തെത്തിയതിനു പിന്നാലെ കഴിഞ്ഞ ദിവസം യു.പിയിലെ മുസഫർനഗറിലും വൻ പ്രതിഷേധം അരങ്ങേറി. ആസാദിനെ ഉടൻ മോചിപ്പിക്കണമെന്ന ആവശ്യം മാർച്ച് 19നു മുമ്പ് അംഗീകരിച്ചില്ലെങ്കിൽ കൂട്ടത്തോടെ ഇസ്ലാം മതം സ്വീകരിക്കുമെന്ന് ഭിം ആർമി പ്രവർത്തകർ മുന്നറിയിപ്പു നൽകി.
വെള്ളിയാഴ്ച ഇരുനൂറോളം വരുന്ന ഭിം ആർമി, ശഹീദ് ഉദ്ദം സിങ് സേന പ്രവർത്തകർ മുസഫർനഗർ ജില്ലാ കലക്ടറേറ്റിനുമുമ്പിൽ യുപിയിലെ ബിജെപി സർക്കാരിനും പോലീസിനുമെതിരെ മുദ്രാവാക്യവുമായി പ്രതിഷേധ പ്രകടനം നടത്തി. 'ഇത് അങ്ങേയറ്റത്തെ അനീതിയാണ്. നവംബറിൽ ചന്ദ്രശേഖർ ആസാദ് മൂന്ന് മാസം ജയിലിൽ പൂർത്തിയാക്കി. ഹൈക്കോടതി ആസാദിനെ മോചിപ്പിക്കാൻ ഉത്തരവിട്ടിട്ടും യുപി സർക്കാർ ആസാദിനു മേൽ ദേശസുരക്ഷാ നിയമം അടിച്ചേൽപ്പിച്ച് തടവ് നീട്ടിക്കൊണ്ടു പോകുകയാണ്. കേസ് മാർച്ച് 19ന് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. ഇതിനു മുമ്പ് ഞങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ കൂട്ടത്തോടെ ഇസ്്‌ലാമിലേക്ക് പരിവർത്തനം ചെയ്യും,' മുസാഫർനഗർ ഭീം ആർമി നേതാവ് ടീകാം ബുദ്ധ് വ്യക്തമാക്കി.
ഭിം സേനയ്ക്ക് ശക്തമായ പിന്തുണയുമായി ഉദ്ദം സിങ് സേനയും രംഗത്തുണ്ട്. ക്ഷമ നശിച്ചിരിക്കുകയാണെന്നും തങ്ങളുടെ നേതാവിനെ മോചിപ്പിച്ചില്ലെങ്കിൽ ദലിത് സ്ത്രീകൾ തല മുണ്ഡനം ചെയ്ത് മുടി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അയച്ചു കൊടുക്കുമെന്നും ഉദ്ദം സിങ് സേനാ നേതാവ് വികാസ് മേധിയ പറഞ്ഞു.
വ്യാഴാഴ്ച ആയിരത്തോളം ഭീം ആർമി പ്രവർത്തകരാണ് സഹാറൻപൂർ കലക്ടറേറ്റിന് മുമ്പിൽ പ്രതിഷേധവുമായി തടിച്ചു കൂടിയത്. ഇവിടെ 141 പുരുഷൻമാരും 98 സ്ത്രീകളും അറസ്റ്റ് വരിച്ചതായി പോലീസ് അറിയിച്ചു. ഷംലിയിലും ദലിതർ പ്രതിഷേധിച്ചു. 327 പേർ ഇവിടെ അറസ്റ്റ് വരിച്ചതായി ഭിം ആർമി പ്രാദേശിക നേതാവ് നീതു സിങ് പറഞ്ഞു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ 800ലേറെ ദലിതരാണ് പ്രതിഷേധവുമായി ജയിൽ നിറക്കൽ സമരത്തിനിറങ്ങിയത്. ഇവരിൽ 200 പേരെ പോലീസ് അറസ്റ്റ് ചെയ്തതായി ഭിം ആർമി സംസ്ഥാന നേതാവ് മെഹക് സിങ് പറഞ്ഞു.
ഏതാനും മാസങ്ങളായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഈ ജില്ലകളിലെ ഗ്രാമീണ മേഖലകളിൽ ദലിതരുടെ പ്രതിഷേധം ശക്തിയാർജ്ജിച്ചു വരികയാണ്. ഇവരുടെ പ്രതിഷേധം നിയന്ത്രിക്കാൻ അധികൃതർ ജാഗ്രതയിലാണ്.