മുംബൈ- ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്താതിരുന്നത് അബദ്ധമായെന്ന് പട്ടിദാർ നേതാവ് ഹർദിക് പട്ടേൽ. രാഹുലുമായി ചർച്ച നടത്തിയിരുന്നെങ്കിൽ ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഫലം മറ്റൊന്നാകുമായിരുന്നുവെന്നും ബി.ജെ.പിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്താമായിരുന്നുവെന്നും ഹർദിക് പറഞ്ഞു. മുംബൈയിൽ ഇന്ത്യാ ടുഡേ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു ഹർദിക്. തെരഞ്ഞെടുപ്പ് കാലത്ത് താൻ രാഹുലുമായി ചർച്ച നടത്തിയെന്നത് വിവാദം മാത്രമായിരുന്നു. രാഹുലുമായി ചർച്ച നടത്തിയിരുന്നില്ല. മമത ബാനർജി, നിതീഷ് കുമാർ, ഉദ്ധവ് താക്കറെ എന്നിവരുമായി ചർച്ച നടത്തിയിരുന്നു. രാഹുലിനെ കാണുന്നതിനും ചർച്ച നടത്തുന്നതിലും തെറ്റില്ലായിരുന്നു. എന്നാൽ ആ ചർച്ച നടക്കാതെ പോയത് ബി.ജെ.പിക്ക് വൻ നേട്ടമായി. ചർച്ച നടന്നിരുന്നുവെങ്കിൽ ബി.ജെ.പിയുടെ സീറ്റ് എഴുപതിൽ ഒതുങ്ങുമായിരുന്നു.
നരേന്ദ്രമോഡി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായപ്പോൾ ഞങ്ങളദ്ദേഹത്തിന് വോട്ട് ചെയ്തു. രാജ്യത്തെ യുവജനങ്ങൾക്ക് ജോലി നൽകാൻ മോഡിക്ക് കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾക്ക് അർഹിക്കുന്ന വില ലഭിക്കുമെന്ന് കരുതി. എന്നാൽ ഒന്നും സംഭവിച്ചില്ല. തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിന് വേണ്ടി വർഗീയ കാർഡ് ഇറക്കുകയാണ് ബി.ജെ.പിയെന്ന് ഹർദിക് വ്യക്തമാക്കി.