ന്യുദല്‍ഹി- തന്റെ വളര്‍ത്തു പട്ടിയെ കൂടി കൂടെ യാത്ര ചെയ്യാന്‍ അനുവദിക്കാതെ ഇന്ത്യയിലേക്ക് തിരിച്ചുവരില്ലെന്ന് യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി. ഖാര്‍കീവ് നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് റേഡിയോ ഇലക്ട്രോണിക്‌സില്‍ മൂന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ റിഷഭ് കൗശിക് ആണ് തന്റെ അരുമയായ പട്ടിയെ കൂടി ഇന്ത്യയിലെത്തിക്കാന്‍ ശ്രമം നടത്തി വരുന്നത്. ഇതിനായുള്ള നിരവധി രേഖകള്‍ ശരിയാക്കി വരികയാണെന്നും എന്നാല്‍ അധികൃതര്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും റിഷഭ് പറയുന്നു. അവര്‍ വിമാന ടിക്കറ്റ് ചാദിക്കുന്നു. യുക്രൈനില്‍ വ്യോമഗതാഗതം നിര്‍ത്തിവച്ചതിനാല്‍ വിമാന ടിക്കറ്റ് എങ്ങനെ കിട്ടാനാ? റിഷഭ് പറഞ്ഞു.
സര്‍ക്കാരിനു കീഴില്‍ ദല്‍ഹിയിലുള്ള ആനിമല്‍ ക്വാരന്റീന്‍ ആന്റ് സര്‍ട്ടിഫിക്കേഷന്‍ സര്‍വീസുമായും യുക്രൈനിലെ ഇന്ത്യന്‍ എംബസിയുമായും ബന്ധപ്പെട്ട് അനുമതി തേടിയെങ്കിലും ഫലമുണ്ടായില്ലെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വിഡിയോയില്‍ റിഷഭ് പറയുന്നു. സഹായം തേടി ദല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെ ഒരു ഉദ്യോഗസ്ഥനെ വിളിച്ചപ്പോള്‍ അദ്ദേഹം തെറിവിളിക്കുകയാണ് ചെയ്തതെന്നും സഹകരിച്ചില്ലെന്നും റിഷഭ് പറയുന്നു.
യാത്രയില്‍ വളര്‍ത്തു പട്ടിയെ കൂടെ കൊണ്ടു വരാനുള്ള നിയമപരമായ നിരാക്ഷേപ പത്രം നല്‍കിയിരുന്നുവെങ്കില്‍ ഇതിനകം താന്‍ ഇന്ത്യയിലെത്തുമായിരുന്നുവെന്നും റിഷഭ് പറയുന്നു.
ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഖാര്‍കീവിലെ ഒരു ബങ്കറിലാണിപ്പോള്‍ റിഷഭും പട്ടിയും. ബങ്കറിലെ തണുപ്പ് പട്ടിക്ക് സഹിക്കാവുന്നതിലും അപ്പുറമാണെന്നും റിഷഭ് പറയുന്നു. ഖാര്‍കീവില്‍ നിന്ന് ലഭിച്ച പട്ടിയെ റിഷഭ് മാലിബു എന്നു പേരിട്ടു എടുത്തു വളര്‍ത്തുകയായിരുന്നു. ഇപ്പോള്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്ന പട്ടി എപ്പോഴും കരഞ്ഞുകൊണ്ടിരിക്കുകയാണെന്നും റിഷഭ് വിഡിയോയില്‍ പറയുന്നു.