Sorry, you need to enable JavaScript to visit this website.

ലോക്സഭാ ഉപതെരഞ്ഞെടുപ്പ്: യുപിയിലും ബിഹാറിലും പോളിങ് പുരോഗമിക്കുന്നു

ഗോരഖ്പുരില്‍ വോട്ട് ചെയ്യാനെത്തിയ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ലഖ്നൗ- ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍, ഫുല്‍പൂര്‍ ലോക്സഭാ മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ബിഹാറിലെ അറാറിയ ലോക്സഭാ സീറ്റിലും ജഹനാബാദ്, ഭാബുവ നിയമസഭാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് ഗോരഖ്പൂരില്‍ തെരഞ്ഞെടുപ്പ്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ഒഴിവിലേക്ക് ഫുല്‍പൂരിലും തെരഞ്ഞെടുപ്പ് നടക്കുന്നു. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പ്രതിനിധീകരിച്ചിരുന്ന ഈ മണ്ഡലം 2014-ലാണ് ആദ്യമായി ബിജെപിയുടെ കൈകളിലെത്തിയത്. 

ബിജെപിയുടെ ശക്തികേന്ദ്രമായ ഇരു മണ്ഡലങ്ങളിലും ഇത്തവണ ബദ്ധവൈരികളായ സമാജ് വാദി പാര്‍ട്ടിയും (എസ് പി) ബഹുജന്‍ സമാജ് പാര്‍ട്ടിയും (ബിഎസ്പി) ഒരുമിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന പ്രത്യേകതയുമുണ്ട്. രണ്ടിടത്തും സ്ഥാനാര്‍ഥികളെ നിര്‍ത്താത്ത ബിഎസ്പി എസ്പിക്കു വേണ്ടി അവസാന ഘട്ടത്തില്‍ പ്രചാരണത്തിനിറങ്ങിയിരുന്നു. 2019-ല്‍ ബിജെപിക്കെതിരെ വിശാലമായ മതേതര സഖ്യം രൂപപ്പെട്ടുവരുന്നതിന്റെ ശുഭസൂചനയായാണ് എസ്പി-ബിഎസ്പി പിന്തുണ വിലയിരുത്തപ്പെടുന്നത്. 

ബിഹാറില്‍ മതേതര കക്ഷികളുടെ വിശാല സഖ്യമായ മഹാസഖ്യം പൊളിച്ച് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു ബിജെപിയുമായി ചേര്‍ന്ന് സഖ്യ സര്‍ക്കാരുണ്ടാക്കിയ ശേഷം ആദ്യമായി നടക്കുന്ന ഉപതെരഞ്ഞെടുപ്പാണിത്. മഹാസഖ്യ സര്‍ക്കാരിന്റെ ഭാഗമായിരുന്ന ആര്‍ ജെ ഡിയും ജെഡിയുവുമാണ് പ്രധാനമായും തമ്മിലാണ് മത്സരം നടക്കുന്നത്. പാര്‍ട്ടി നേതാവ് ലാലു പ്രസാദ് യാദവ് ജയിലിലായതിനാല്‍ മകനും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ആര്‍ജെഡി-ജെഡിയു-കോണ്‍ഗ്രസ് സഖ്യത്തെ വഞ്ചിച്ച നിതീഷ് കൂമാറിനെ തുറന്നു കാട്ടിയായിരുന്നു പ്രധാനമായും പ്രചാരണം. 

ആര്‍ജെഡി നേതാവ് മുഹമ്മദ് തസ് ലീമുദ്ദീന്റെ മരണത്തെ തുടര്‍ന്നാണ് അറാറിയയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മകന്‍ സര്‍ഫറാസ് ആലം ആണ് സ്ഥാനര്‍ഥി. ബിജെപിയാണ് ഇവിടെ രണ്ടാം സ്ഥാനത്ത്. 

ബിഹാറിലെ ജഹനാബാദ് നിയമസഭ മണ്ഡലത്തില്‍ ആര്‍ജെഡി നേതാവ് മുന്ദ്രിക സിങ് യാദവിന്റെ നിര്യാണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്്. ഇദ്ദേഹത്തിന്റെ മകന്‍ ഉദയ് യാദവ് ആണ് സ്ഥാനാര്‍ത്ഥി. 2010-ല്‍ ബിജെപി പിന്തുണയോടെ ഇവിടെ നിന്നു ജയിച്ച അഭിറാം ശര്‍മയാണ് എതിര്‍ സ്ഥാനാര്‍ത്ഥി. 

ബിജെപി നേതാവ് ആനന്ദ ഭൂഷണ്‍ പാണ്ഡെയുടെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന ഭാബുവ മണ്ഡലത്തില്‍ ഇദ്ദേഹത്തിന്റെ വിധവ രിങ്കി റാണി പാണ്ഡെയാണ് ബിജെപി-ജെഡിയു സഖ്യ സ്ഥാനാര്‍ത്ഥി. എതിര്‍ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിന്റെ ശംഭു പട്ടേലും രംഗത്തുണ്ട്.

രാവിലെ ഏഴു മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം അഞ്ചിനു അവസാനിക്കും. ബുധനാഴ്ചയാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും. 


 

Latest News