ബെറെഗ്‌സുരാനി- ഉക്രൈൻ- ഹംഗറി അതിർത്തിയിൽ രണ്ട് ഉക്രേനിയൻ വനിതകൾ പരസ്പരം ആശ്ലേഷിച്ചുകൊണ്ട് കരയുകയും നെടുവീർപ്പിടുകയും ചെയ്യുന്ന വീഡിയോ ഓൺലൈനിൽ വൈറലായി. അപരിചിതൻ ഏൽപിച്ച രണ്ട് കുട്ടികളുമായാണ് നതാലിയ അബ്ലീവ എന്ന സ്ത്രീ ഉക്രൈനിൽനിന്ന് ഹംഗറി അതിർത്തിയിലെത്തിയത്.
താൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു സ്ത്രീയുടെ മൊബൈൽ ഫോൺ നമ്പർ മുറുകെപ്പിടിച്ചുകൊണ്ടായിരുന്നു അവരുടെ വരവ്. യുദ്ധത്തിൽ പങ്കെടുക്കണമെന്ന് പറഞ്ഞ് ഉക്രൈനിൽനിന്നുള്ള യാത്ര തടയപ്പെട്ടയാളുടെ രണ്ട് മക്കളുമായാണ് നതാലിയ അതിർത്തിയിലെത്തിയത്. കുട്ടുകളുടെ മാതാവ് അവരെ സ്വീകരിക്കാൻ ഇറ്റലിയിൽനിന്ന് ഹംഗറി-ഉക്രൈൻ അതിർത്തിയിലെത്തിയിരുന്നു.
നതാലിയ അബ്ലീവ തന്റെ സ്വന്തം പട്ടണമായ കാമിയാനെറ്റ്സ്-പോഡിൽസ്കിയിൽനിന്നാണ് യാത്ര പുറപ്പെടാനാകാതെ നിരാശനായ 38-കാരനിൽനിന്ന് അദ്ദേഹത്തിന്റെ ഇളയ മകനേയും മകളേയും ഒപ്പം കൂട്ടിയത്.
18 നും 60 നും ഇടയിൽ പ്രായമുള്ള ഉക്രേനിയൻ പുരുഷന്മാരെ രാജ്യം വിടുന്നതിൽനിന്ന് ഉക്രൈൻ അധികൃതർ തടഞ്ഞിരിക്കയാണ്. രാജ്യത്തിനായി പോരാടാനാണ് അവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതിർത്തിയിലേക്ക് പോകാനാകാതെ വിഷമിക്കുകയായിരുന്ന ആ പിതാവ് രണ്ട് കുട്ടികളെ തന്നെ വിശ്വസിച്ച് കൈമാറുകയായിരുന്നുവെന്ന് 58 കാരിയായ നതാലിയ പറഞ്ഞു.