Sorry, you need to enable JavaScript to visit this website.

ഡീ ഗ്രേഡിംഗിന് അന്ത്യമാവുന്നു,  ഫാന്‍സ് ഷോ നിരോധിക്കാന്‍ ഫിയോക്ക് 

കൊച്ചി- സൂപ്പര്‍താര സിനിമകളുടെ ഫാന്‍സ് ഷോകള്‍ നിരോധിക്കാന്‍ തീരുമാനമെടുത്ത് തിയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക്ക്. വര്‍ഗീയ വാദം, തൊഴുത്തില്‍ കുത്ത്, ഡീഗ്രേഡിങ് എന്നിവയാണ് ഇത്തരം ഷോകള്‍ കൊണ്ട് സംഭവിക്കുന്നതെന്നും സിനിമാ വ്യവസായത്തിന് ഇത്തരം കാര്യങ്ങള്‍ യാതൊരു ഗുണവും ചെയ്യുന്നില്ല എന്നും ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ പറയുന്നു.തിയേറ്ററുകളില്‍ പ്രേക്ഷകര്‍ ഗണ്യമായി കുറയുന്നതിന്റെ പ്രധാന കാരണം ഫാന്‍സ് ഷോകള്‍ക്ക് ശേഷം പ്രചരിപ്പിക്കപ്പെടുന്ന മോശം പ്രതികരണമാണ്. ഫാന്‍സ് ഷോകള്‍ നിരോധിക്കണം എന്ന നിലപാടിലാണ് എക്‌സിക്യൂട്ടീവ്.
മാര്‍ച്ച് 29ന് നടക്കുന്ന ജനറല്‍ ബോഡിയ്ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം എന്നും വിജയകുമാര്‍ അറിയിച്ചു. കഴിഞ്ഞ വാരം റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്റെ റിലീസിന് പിന്നാലെയും സോഷ്യല്‍മീഡിയയിലൂടെ മോശം പ്രതികരണങ്ങള്‍ വന്നിരുന്നു. സിനിമയ്ക്ക് നേരെ വരുന്ന ആക്രമണങ്ങള്‍ക്ക് എതിരെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ രംഗത്ത് വരുകയും ചെയ്തു. അടുത്ത വാരം റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വത്തിനും ഫാന്‍സ് ഷോ തീരുമാനിച്ചിട്ടുണ്ട്.നേരത്തെ മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രത്തിനും നേരെ ഫാന്‍സ് ഷോയ്ക്ക് ശേഷം വലിയ തോതില്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നു.
 

Latest News