പ്രചരിപ്പിക്കുന്നത് പഴയ വീഡിയോ,  ഉക്രൈനിലൊന്നും  പോയിട്ടില്ല-  നടി പ്രിയ മോഹന്‍

കൊച്ചി- താനും കുടുംബവും ഉക്രൈനില്‍ കുടുങ്ങിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തക്കെതിരെ നടി പ്രിയ മോഹന്‍. തങ്ങള്‍ കൊച്ചിയില്‍ തന്നെ ഉണ്ടെന്നും ദയവായി ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പ്രിയ മോഹന്‍ പറഞ്ഞു. നടി പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരിയാണ് പ്രിയ മോഹന്‍. ഇത്തരം പ്രചരണങ്ങള്‍ ദയവു ചെയ്ത് വിശ്വസിക്കരുത്. എന്തിനാണ് ആളുകള്‍ ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കുന്നതെന്നും പ്രിയ മോഹന്‍ ചോദിച്ചു. വ്യാജ വാര്‍ത്തകളുടെ സ്‌ക്രീന്‍ ഷോട്ട് അടക്കം പങ്കുവെച്ചായിരുന്നു താരത്തിന്റെ ട്വീറ്റ്.
കുറച്ചു മാസം മുമ്പ് പ്രിയ മോഹന്‍ കുടുംബ സമേതം ഉക്രൈനില്‍ പോയിരുന്നു. ആ യാത്രയുടെ ഫോട്ടോകളും വീഡിയോയുമാണ് ഇപ്പോള്‍ ചിലര്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നത്. ഇരുവരുടെയും വിദേശയാത്രകളുടെ വിഡിയോകള്‍ 'ഒരു ഹാപ്പി ഫാമിലി'എന്ന യുട്യൂബ് ചാനലിലൂടെ താരം പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് പ്രിയയും നിഹാലും ഉക്രൈനില്‍ അവധി ആഘോഷിക്കാനായി പോയത്. അതിന്റെ ചിത്രങ്ങളാണ് ഇപ്പോഴത്തെ എന്ന രീതിയില്‍ പ്രചരിക്കുന്നത്.പ്രിയ മോഹന്‍ ഉക്രൈനില്‍ നിന്നുള്ള അവസ്ഥ വിവരിക്കുന്നുവെന്നാണ് വ്യാജ വാര്‍ത്തകളുടെ തലക്കെട്ട്. കുടുംബത്തോടൊപ്പം നില്‍ക്കുന്ന പ്രിയയുടെ ചിത്രങ്ങള്‍ അടക്കം നല്‍കിയാണ് വ്യാജ പ്രചരണം. നടന്‍ നിഹാലാണ് പ്രിയ മോഹന്റെ ഭര്‍ത്താവ്.

    


 

Latest News