കീവ്- ഉക്രെയ്ന് തലസ്ഥാനമായ കീവ് ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഉക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി. റഷ്യന്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങില്ലെന്നും കീവും നഗരത്തിന് ചുറ്റുമുള്ള പ്രധാന ഇടങ്ങളുമെല്ലാം തങ്ങളുടെ നിയന്ത്രണത്തിലാണെന്നും സെലന്‍സ്കി പറഞ്ഞു. റഷ്യ കീവ് പിടിച്ചെടുത്തുവെന്ന് ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സെലന്‍സ്കി.
ശത്രുവിന്റെ ആക്രമണത്തെ ഉക്രെയ്ന് വിജയകരമായി പ്രതിരോധിക്കുന്നുണ്ടെന്നും രാജ്യത്തിന്റെ പല ഭാഗങ്ങളിലും യുദ്ധം തുടരുകയാണെന്നും സെലന്‍സ്കി പറഞ്ഞു. റഷ്യയുടെ ആക്രമണ പദ്ധതി ഉക്രെയ്ന് സേന താളംതെറ്റിച്ചെന്ന് അവകാശപ്പെട്ട സെലന്‍സ്കി യുദ്ധം അവസാനിപ്പിക്കാന്‍ പുടിനെ റഷ്യന്‍ ജനത സമ്മര്‍ദ്ദത്തിലാക്കണമെന്നും ആവശ്യപ്പെട്ടു.
റഷ്യന്‍ സൈന്യത്തെ പ്രതിരോധിക്കാന്‍ മുന്നോട്ടുവരുന്നവര്‍ക്ക് ആയുധം നല്‍കുമെന്നും സെലന്‍സ്കി പറഞ്ഞു. താന്‍ എവിടെയും പോയിട്ടില്ലെന്നും ഒളിച്ചോടുകയില്ലെന്നും കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ സെലന്‍സ്കി വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് തലസ്ഥാന നഗരം കൈവിട്ടിട്ടില്ലെന്ന് വ്യക്തമാക്കി സൈന്യത്തിനും ജനങ്ങള്‍ക്കും കൂടുതല്‍ ആത്മവിശ്വാസം നല്കി സെലന്‍സ്കി രാജ്യത്തെ അഭിസംബോധന ചെയ്തത്.