ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റര്‍ ഡോണ്‍ മാക്‌സ് ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അറ്റിന്റെ ചിത്രീകരണം ആരംഭിച്ചു. ആലുവ, ചോറ്റാനിക്കര എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഇന്റര്‍നെറ്റിലെ ഡാര്‍ക്ക് വെബ്ബിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. മലയാളത്തില്‍ ആദ്യമായിട്ടാണ് ഡാര്‍ക്ക് വെബ്ബിനെ അടിസ്ഥാനമാക്കി ഒരു ചിത്രം ഒരുങ്ങുന്നത്. അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ മകന്‍ ആകാശ് സെന്‍ നായകനായി അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷാജു ശ്രീധറും പ്രധാന റോളില്‍ എത്തുന്നുണ്ട്.
ശരണ്‍ജിത്ത്, ബിബിന്‍ പെരുമ്പള്ളി, റേച്ചല്‍ ഡേവിഡ്, നയന എല്‍സ, സഞ്ജന ദോസ്, സുജിത്ത് രാജ്, ആരാധ്യ ലക്ഷ്മണ്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡാര്‍ക്ക് വെബ്ബ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഏറെ ശ്രദ്ധേയവും ദുരൂഹവുമാണ്, ഡ്രഗ്‌സ്, ക്രിപ്‌റ്റോ കറന്‍സി, സീക്രട്ട് കമ്മ്യൂണിറ്റി തുടങ്ങി നിരവധി ദുരൂഹമായ സംഭവങ്ങളുടെ സൂചന പോസ്റ്റര്‍ നല്‍കുന്നുണ്ട്. പ്രശസ്ത ഛായാഗ്രാഹകന്‍ രവിചന്ദ്രന്‍ ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ഇഷാന്‍ ദേവ്, പ്രോജക്ട് ഡിസൈനര്‍ എന്‍.എം ബാദുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍ എന്നിവരാണ്.