ന്യൂദല്‍ഹി- ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ 20 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് (എഫ്ഡിഐ) കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. എല്‍ഐസിയുടെ അഞ്ച് ശതമാനം ഓഹരികള്‍ വിറ്റഴിക്കുന്നതിനു മുന്നോടി ആയാണ് പുതിയ തീരുമാനം. ഓഹരി വപിണയില്‍ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ഈ നീക്കം ഏറെ സഹായകമാകും. പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് ഓഹരി വിപണിയില്‍ മികച്ച പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എല്‍ഐസിയുടെ അഞ്ചു ശതമാനം ഓഹരികള്‍ വിറ്റഴിച്ച് 800 കോടി ഡോളര്‍ സമാഹരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ ആയിരിക്കുമിത്. അടുത്ത മാസമാണ് എല്‍ഐസിയുടെ ഓഹരി വില്‍പ്പന.
കേന്ദ്ര മന്ത്രിസഭയുടെ പുതിയ തീരുമാന പ്രകാരം എല്‍ഐസിയുടെ 20 ശതമാനം ഓഹരികള്‍ വിദേശ നിക്ഷേപര്‍ക്ക് വില്‍ക്കാന്‍ വഴിയൊരുങ്ങും. നിലവിലെ നിയമ പ്രകാരം എല്‍ഐസിയില്‍ വിദേശ നിക്ഷേപം പാടില്ല. അതേസമയം ഇന്ത്യയില്‍ സ്വകാര്യ മേഖലാ ഇന്‍ഷുറന്‍സ് കമ്പനികളില്‍ 74 ശതമാനം വരെ വിദേശ നിക്ഷേപം അനുവദിക്കുന്നുണ്ട്. പൊതു മേഖലാ ബാങ്കുകളിലും സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള വിദേശ നിക്ഷേപം 20 ശതമാനം വരെയാണ്.