കീവ്- റഷ്യന്‍ അധിനിവേശ സേനയുടെ ആക്രമണത്തില്‍ യുക്രൈനില്‍ മൂന്ന് കുട്ടികളടക്കം 198 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രി വിക്ടര്‍ ല്യാഷ്‌കോ അറിയിച്ചു. ഇതുവരെ 1115 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 33 കുട്ടികളും ഉള്‍പ്പെടും. കൊല്ലപ്പെട്ടവരില്‍ സൈനികരുടേയും സാധാരണക്കാരുടേയും കണക്കുകള്‍ വേര്‍ത്തിരിച്ച് യുക്രൈന്‍ പുറത്തു വിട്ടിട്ടില്ല. തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനുള്ള റഷ്യയുടെ ആക്രമണം തുടരുന്നതിനിടെയാണ് യുക്രൈന്‍ ഈ കണക്കുകള്‍ പുറത്തു വിട്ടത്.
ശനിയാഴ്ച റഷ്യന്‍ സൈന്യം കീവിനു നേര്‍ക്കുള്ള ആക്രമണം ശക്തമാക്കിയിരിക്കുകാണ്. അതിനിടെ സൈന്യത്തോട് ആയുധംവച്ച് കീഴടങ്ങാന്‍ താന്‍ ആവശ്യപ്പെട്ടു എന്ന തരത്തില്‍ നടത്തുന്ന പ്രചരണങ്ങള്‍ തള്ളിക്കളയണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊലോദിമിര്‍ സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചു. ഇത് നമ്മുടെ ഭൂമിയും ജനങ്ങളും കുട്ടികളുമാണെന്നും അതിനെ പ്രതിരോധിക്കുമന്നും അദ്ദേഹം പുറത്തു വിട്ട ഒരു വിഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.