ശിവമൊഗ്ഗയിലെ ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകന്റെ കൊലയ്ക്കു പിന്നില്‍ പ്രാദേശിക ഗുണ്ടാ പോരെന്ന്

ബെംഗളൂരു- കര്‍ണാടകയിലെ ശിവമൊഗ്ഗയില്‍ ഹിന്ദുത്വ തീവ്രവാദ സംഘടനയായ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നില്‍ പ്രാദേശിക ഗുണ്ടാ പോരെന്ന് അന്വേഷണ സംഘം. ഫെബ്രുവരി 20നാണ് ആയുധധാരികളായ ഒരു സംഘം യുവാവിനെ കൊലപ്പെടുത്തിയത്. ഹിജാബ് വിലക്കിനെ തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധം നടക്കുന്നതിനിടെയാണ് ഈ കൊലപാതകം നടന്നത്. ഇതും സംശയത്തിനിടയാക്കിയിരുന്നു. എന്നാല്‍ പ്രാദേശികമായി കാലങ്ങളായി ഇരുസമുദായങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഗുണ്ടാ പോരാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണത്തില്‍ നിന്ന് ലഭിക്കുന്ന സൂചനയെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കേസില്‍ ഇതുവരെ 10 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ മാര്‍ച്ച് ഏഴ് വരെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

കൊലയ്ക്കു പിന്നിലെ യഥാര്‍ത്ഥ കാരണം ഇപ്പോഴും വ്യക്തമല്ല. ബജ്‌റംഗ് ദളിന്റെ പ്രവര്‍ത്തനം കാരണം പ്രദേശത്ത് കുറച്ച് കാലമായി ശത്രുത നില്‍നില്‍ക്കുന്നുണ്ടായിരുന്നു. കൊല്ലപ്പെട്ട ഹര്‍ഷയും ഈ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഈ കൊല ഒരു പ്രാദേശികമായ ശത്രുതയില്‍ നിന്നുണ്ടായതാണെന്ന് കരുതപ്പെടുന്നുവെന്നും പോലീസിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു.

കേസില്‍ അറസ്റ്റിലായ മുഹമ്മദ് കാശിഫ്, റിഹാന്‍ ശരീഫ്, ആസിഫുല്ല ഖാന്‍, അബ്ദുല്‍ അഫുഹാന്‍ എന്നിവര്‍ ശിവമൊഗ്ഗയില്‍ 16ഓളം കേസുകളില്‍ പ്രതികളാണെന്നും പോലീസ് കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട ഹര്‍ഷ ഒരു മുസ്ലിം യുവാവിനെ ആക്രമിച്ച കേസില്‍ നേരത്തെ അറസ്റ്റിലായിട്ടുണ്ട്.

Latest News