പാരീസ്- യൂറോപ്പിലേക്ക് വീണ്ടും യുദ്ധം മടങ്ങി എത്തിയിരിക്കുകയാണെന്നും ഇത് ഏറെ കാലം നീണ്ടുനിൽക്കുമെന്നും ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ. ഫ്രാൻസിന്റെ വാർഷിക കാർഷിക മേളയിൽ സംസാരിക്കുകയായിരുന്നു മാക്രോൺ. ഫ്രാൻസിന്റെ പ്രധാന കാർഷിക മേളയിലെ ചടങ്ങുകൾ വെട്ടിച്ചുരുക്കി മാക്രോൺ ഭരണ ആസ്ഥാനത്തേക്ക് മടങ്ങുകയും ചെയ്തു. കാർഷിക മേളയിലാണ് യുദ്ധത്തിന്റെ കെടുതികളെ പറ്റി മാക്രോൺ വ്യക്തമാക്കിയത്.
'ഇന്ന് രാവിലെ എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാൻ കഴിയും, ഈ യുദ്ധം നീണ്ടുനിൽക്കും. ഈ പ്രതിസന്ധി നിലനിൽക്കും, ഈ യുദ്ധം നിലനിൽക്കും, അതോടൊപ്പം വരുന്ന എല്ലാ പ്രതിസന്ധികളും ഏറെക്കാലം നിലനിൽക്കുന്ന പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. നാം അതിന് തയ്യാറായിരിക്കണമെന്നും മാക്രോൺ ചൂണ്ടിക്കാട്ടി.
യൂറോപ്പിലേക്ക് യുദ്ധം തിരിച്ചെത്തിയിരിക്കുന്നു. റഷ്യൻ പ്രസിഡന്റ് വ്‌ളാദമിർ പുടിൻ ഏകപക്ഷീയമായി എടുത്ത തീരുമാനത്തിന്റെ ഫലമാണിത്. ദാരുണമായ മാനുഷിക സാഹചര്യമാണ് നിലവിലുള്ളത്. ചെറുത്തുനിൽക്കുന്ന ഒരു (ഉക്രേനിയൻ) ജനതയുണ്ട്. ഉക്രേനിയൻ ജനതയുടെ പക്ഷത്ത് ചെറുത്തുനിൽക്കുന്ന യൂറോപ്പുമുണ്ടെന്ന് മാക്രോൺ പറഞ്ഞു.