കൗശാമ്പി- ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കള്ളം മാത്രമേ പറയാറുള്ളൂവെന്നും സ്ത്രീ സുരക്ഷയെ കുറിച്ച് ഒരക്ഷരം ഇതുവരെ ഉരിയാടിയിട്ടില്ലെന്നും രാജ്യസഭാംഗവും സമാജ് വാദി പാര്‍ട്ടി നേതാവുമായ ജയാ ബച്ചന്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. തങ്ങളുടെ മുഖ്യമന്ത്രി കുടുംബത്തെ ഉപേക്ഷിച്ചയാളാണെന്ന കാര്യം ബി.ജെ.പിക്കാര്‍ മറക്കുകയാണ്. കുടുംബത്തെക്കുറിച്ചും മകളെ കുറിച്ചും മരുമകളെ കുറിച്ച് അവര്‍ക്ക് എന്തറിയാം?
15 വര്‍ഷമായി ഞാന്‍ പാര്‍ലമെന്റിലുണ്ട്. അവര്‍ നുണകളല്ലാതെ ഒന്നും പറഞ്ഞിട്ടില്ല. അധികാരത്തിലിരിക്കുമ്പോഴും അധികാരത്തിലില്ലാത്തപ്പോഴും സ്ത്രീ സുരക്ഷയെക്കുറിച്ച് യോഗി ഒരക്ഷരം മിണ്ടിയിട്ടില്ല- ജയാ ബച്ചന് പറഞ്ഞു.
അഖിലേഷ് യാദവ് ചെയ്തുവെച്ച കാര്യങ്ങളാണ് അവര്‍ ഇപ്പോഴും നോക്കുന്നത്. അതിനുശേഷം അവര്‍ ഒന്നും ചെയ്തിട്ടില്ല- ജയ കൂട്ടിച്ചേര്‍ത്തു. സിരാതുവില്നടന്ന പൊതുയോഗത്തില്‍ മുന്‍ കനൗജ് എം.പി ഡിംപിള്‍ യാദവും പങ്കെടുത്തു.
സംസ്ഥാനത്ത് ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. 27 ന് നടക്കാനിരിക്കുന്ന അഞ്ചാം ഘട്ടത്തില്‍ പ്രധാനമായും അയോധ്യ, റായ്ബറേലി, അമേത്തി ജില്ലകളാണ് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍.