Sorry, you need to enable JavaScript to visit this website.

ഇന്ദ്രൻസിനെ അവാർഡ് ജേതാവാക്കിയ 'ആളൊരുക്കം' നിർമിച്ചത് ദമാമിലെ പ്രവാസി

ജോളി ലോനപ്പൻ

ദമാം-- നടൻ ഇന്ദ്രൻസ് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കിയപ്പോൾ മനംനിറഞ്ഞ് ആഹ്ലാദിക്കുകയാണ് ദമാമിലെ വ്യവസായി ജോളി ലോനപ്പൻ. ഇദ്ദേഹം നിർമിച്ച 'ആളൊരുക്കം' എന്ന കന്നി സിനിമയിലെ പ്രധാന കഥാപാത്രമാണ് ഇന്ദ്രൻസിന് അവാർഡ് നേടിക്കൊടുത്തത്. 
മാധ്യമ പ്രവർത്തകനും നവാഗത സംവിധായകനുമായ വി.സി.അഭിലാഷ് ചുരുങ്ങിയ ചെലവിൽ ഈ സിനിമ തീർക്കാമെന്ന് പറഞ്ഞാണ് തന്നെ സമീപിച്ചതെന്നും തീർത്തും വ്യത്യസ്തമായ ഇതിന്റെ കഥ വിവരിച്ചപ്പോൾ അവാർഡ് ലഭിക്കുമെന്ന് അഭിലാഷ് ഉറപ്പിച്ചു പറഞ്ഞിരുന്നതായും ജോളി ലോനപ്പൻ മലയാളം ന്യൂസിനോട് പറഞ്ഞു.  
ഒരു സിനിമാ ഷൂട്ടിംഗ് പോലും കാണാത്ത തനിക്ക് പ്രേരണ നൽകിയത് അഭിലാഷായിരുന്നു. കഥയും കഥാപാത്രങ്ങളും തനിക്ക് മുന്നിൽ വരച്ചു കാണിച്ചു. ഷൂട്ടിംഗ് ലോക്കെഷനിൽ അഭിനേതാക്കളും അണിയറ പ്രവർത്തകരും സഹകരണതോടെയാണ് പ്രവർത്തിച്ചത്. ഇവരുടെയെല്ലാം പ്രാർഥനയായിരിക്കാം ഇത്തരം ഒരു അംഗീകാരത്തിന് കളമൊരുക്കിയതെന്നും തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ജോളി ലോനപ്പൻ പറഞ്ഞു. 
സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിലും ബഹ്‌റൈൻ, കുവൈത്ത്, യു.എ.ഇ. തുടങ്ങിയ ജി.സി.സി രാജ്യങ്ങളിലും ഇന്ത്യയിലുമായി വ്യാപിച്ചു കിടക്കുന്ന തന്റെ ബിസിനസ് മേഖലയിൽ നൂറു കണക്കിന് ഇന്ത്യക്കാർ ജോലി ചെയ്യുന്നതായും അവരുടെയെല്ലാം സന്തോഷം ഏറെ ആവേശം കൊള്ളിക്കുന്നതായും അദ്ദേഹം പറഞ്ഞു. 
ബിസിനസിൽ മാത്രം ശ്രദ്ധിച്ചിരുന്ന തന്റെ സിനിമയിലേക്കുള്ള പ്രവേശനത്തിന് കുടുംബങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും എതിർപ്പുണ്ടായിരുന്നുവെന്ന് പഠന കാലത്തു നാടകങ്ങളിൽ അഭിനയിച്ചിരുന്ന ജോളി ലോനപ്പൻ പറഞ്ഞു.
മൂന്നര പതിറ്റാണ്ട് പ്രവാസത്തിന്റെ ഇടവേളകളിൽ യുവജനോത്സവങ്ങളും കലാ പരിപാടികളും ആസ്വദിക്കുന്നതിന് കേരളത്തിന്റെ പല ഭാഗങ്ങളിലും പോകാറുണ്ട്.  ഒളിഞ്ഞു കിടക്കുന്ന തന്നിലെ കലാ ഹൃദയമായിരിക്കാം സിനിമാ ലോകത്തേക്ക് പ്രവേശനം നൽകിയത്. 
ഇന്ദ്രൻസിന്റെ അവാർഡ് പ്രഖ്യാപനം നടക്കുമ്പോൾ താൻ ദമാമിലെ ഓഫീസിൽ ഏറെ തിരക്ക് പിടിച്ച ജോലിയിലായിരുന്നു. സഹപ്രവർത്തകർ ഇക്കാര്യം അറിയിച്ചപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. പിന്നീട് സിനിമാ പ്രവർത്തകരും സുഹൃത്തുക്കളും മൊബൈലിലൂടെ അഭിനന്ദനമറിയിച്ചു. 


സമകാലിക സാഹചര്യത്തിൽ സമൂഹത്തിനു ശക്തമായൊരു സന്ദേശം ഈ സിനിമയിലൂടെ നൽകുന്നുണ്ട്. സമൂഹത്തിൽനിന്ന് ആട്ടിയോടിക്കുകയും അവഗണിക്കുകയും ചെയ്യുന്ന ഭിന്നലിംഗക്കാരുടെ വേദനകൾ തുറന്നുകാട്ടി സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കാൻ ഈ സിനിമ പ്രചോദനമാകുന്നുണ്ട്. രണ്ടു ഭിന്നലിംഗക്കാർ വിവാഹിതരാവുകയും ശേഷം ഒരു കുട്ടിയെ ദത്തെടുത്തു ജീവിതം നയിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
ദമാം സെക്കന്റ് ഇൻഡസ്ട്രിയൽ നഗരത്തിൽ ഇരുമ്പ് ഉരുക്ക് ഫാക്ടറി നടത്തുന്ന ജോളി ലോനപ്പൻ, കോൺട്രാക്ടിംഗ്, ട്രേഡിംഗ് കമ്പനികളും ഫാമുകളും നടത്തി വരുന്നു. ഭാര്യ ദമാം മിനിസ്ട്രി ഓഫ് ഹെൽത്തിൽ ദീർഘകാലം ഡോക്ടർ ആയിരുന്നു. ആർക്കിടെക്റ്റായ മൂത്ത മകൾ പ്രിയ ജോളി ഭർത്താവ് ജേക്കബിനോപ്പം ദുബായിലും രണ്ടാമത്തെ മകൾ ഡോ. പ്രീതി ജോളി ഭർത്താവ് ഡോ. അലക്‌സ് സെബാസ്റ്റിയന് ഒപ്പം എറണാകുളത്തുമാണ്. മൂന്നാമത്തെ മകൾ പ്രവീണ ജോളി അമേരിക്കയിലെ കാലിഫോർണിയ യൂനിവേഴ്‌സിറ്റിയിൽനിന്ന് എം.ബി.എ നേടിയതിനു ശേഷം നാട്ടിൽ പിതാവിന്റെ ബിസിനസ് നോക്കി നടത്തുന്നു. മൂന്നു മക്കളും ജനിച്ചതും എൽ.കെ.ജി മുതൽ പ്ലസ് ടു വരെ പഠിച്ചതും ദമാമിലാണ്. മൂവരും ദമാം ഇന്ത്യൻ സ്‌കൂളിലെ പൂർവ വിദ്യാർഥികളാണ്. 

Latest News