റിയാദ് - സർക്കാർ പദ്ധതികളുടെ കരാറുകളേറ്റെടുത്ത കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ലെവി ഇനത്തിൽ നഷ്ടപരിഹാരം നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുന്നതിനു മുമ്പ് തന്നെ ലെവി ഇൻവോയ്‌സ് ഇഷ്യു ചെയ്ത നടപടിയെ സൗദി കോൺട്രാക്‌ടേഴ്‌സ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ എൻജിനീയർ ഉസാമ അൽഅഫാലിഖ് വിമർശിച്ചു. സർക്കാർ പദ്ധതികളുടെ കരാറുകളേറ്റെടുത്ത സ്ഥാപനങ്ങൾക്ക് പുതിയ ലെവി ഇനത്തിലുള്ള അധിക സാമ്പത്തിക ബാധ്യതക്ക് നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ ലെവി പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ വെളിപ്പെടുത്തിയിരുന്നു. നഷ്ടപരിഹാര വിതരണത്തിനുള്ള സംവിധാനം ഈ വർഷാദ്യം പ്രഖ്യാപിക്കേണ്ടതായിരുന്നു. എന്നാൽ ഇതുവരെ ഇത് പ്രഖ്യാപിച്ചിട്ടില്ല.
ലെവി തുക മുൻകൂറായി അക്കേണ്ടിവരുന്നത് സൗദി യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള കമ്പനികളുടെ ശ്രമങ്ങളെ ബാധിക്കും. ലെവി ഉയർത്തിയതിലൂടെ ചില തൊഴിലുകൾ സൗദിവൽക്കരിക്കുകയാണ് ലക്ഷ്യമെങ്കിൽ അധിക സാമ്പത്തിക ബാധ്യത ഒഴിവാക്കി ലെവി ലെവി മാസാമാസം അടക്കാവുന്ന രീതി നടപ്പാക്കണം. ജനുവരി ഒന്നിനു മുമ്പായി ലെവി അടച്ച് വർക്ക് പെർമിറ്റ് നേടിയ തൊഴിലാളികൾക്ക് വീണ്ടും ലെവി അട
ക്കണമെന്നാണ് മന്ത്രാലയം ആവശ്യപ്പെടുന്നത്. ലെവി ഇൻവോയ്‌സ് പ്രശ്‌നത്തിൽ കോൺട്രാക്ടിംഗ് കമ്പനികളിൽ നിന്ന് അതോറിറ്റിക്ക് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ വിദേശ തൊഴിലാളികൾ ജോലി ചെയ്യുന്ന മേഖലയാണ് കരാർ മേഖല. അതുകൊണ്ടു തന്നെ ലെവി ഇൻവോയ്‌സ് ഏറ്റവും കൂടുതൽ ബാധിക്കുന്നതും കോൺട്രാക്ടിംഗ് കമ്പനികളെയാണ്. ലെവി ഇൻവോയ്‌സിൽ ഭേദഗതി വരുത്തണമെന്നാണ് അതോറിറ്റി ആവശ്യപ്പെടുന്നത്. ഒരു വർഷത്തേക്കുള്ള ലെവി മുൻകൂറായി ഈടാക്കുന്നത് കോൺട്രാക്ടിംഗ് കമ്പനികൾക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. വർധിപ്പിച്ച ലെവി അടക്കുന്നതിന് എളുപ്പമുള്ള സംവിധാനം ഏർപ്പെടുത്തണമെന്ന നിർദേശം അതോറിറ്റി മുന്നോട്ടുവെച്ചിട്ടുണ്ട്.
ലെവി ഇൻവോയ്‌സ് കോൺട്രാക്ടിംഗ് കമ്പനികളെ പ്രതികൂലമായി ബാധിക്കും.
മുഴുവൻ കോൺട്രാക്ടിംഗ് കമ്പനികളെയും ലെവി ഇൻവോയ്‌സ് ബാധിക്കും. സാമ്പത്തിക സ്ഥിതി കുറഞ്ഞ കമ്പനികളെയാണ് ഇത് ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുക. ലെവി ഇൻവോയ്‌സും പുതിയ ലെവിയും മൂലം വിദേശികളെ ജോലിക്കു വെക്കുന്നതിനുള്ള ചെലവ് കുത്തനെ വർധിക്കുന്നതിനാൽ ദീർഘ കാലത്തേക്കുള്ള ഓപ്പറേഷൻസ്, മെയിന്റനൻസ് കരാറുകളേറ്റെടുത്ത കമ്പനികളുടെ നടുവൊടിയുമെന്നും എൻജിനീയർ ഉസാമ അൽഅഫാലിഖ് പറഞ്ഞു.