റിയാദ് - ആരോഗ്യ മേഖലയിൽ സമ്പൂർണ സൗദിവൽക്കരണം യാഥാർഥ്യമാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ ആലോചന തുടങ്ങി. ഇതിനു മുന്നോടിയായി ആരോഗ്യ മേഖലയിലെ മാനവശേഷിയെ കുറിച്ച് വിശദമായ പഠനം ആരംഭിച്ചു.
ആരോഗ്യ മേഖലക്ക് ആവശ്യമായ മെഡിക്കൽ കോഴ്‌സുകൾ യൂനിവേഴ്‌സിറ്റികൾ ആരംഭിക്കുമെന്ന് സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യാലിറ്റീസ് സെക്രട്ടറി ജനറൽ ഡോ. അയ്മൻ അബ്ദു പറഞ്ഞു. ആരോഗ്യ മേഖലയിലെ മാനവശേഷി വരും ദശകത്തിൽ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ മേഖലയിൽ വിദേശികളെ ആശ്രയിക്കുന്നത് കുറക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇതുവഴി തൊഴിലില്ലായ്മാ നിരക്ക് കുറക്കാൻ കഴിയും. തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്ക് അനുസൃതമായ കോഴ്‌സുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ഹെൽത്ത് സയൻസസ് കോളേജ് പ്രിൻസിപ്പൽമാരുടെ യോഗം വിളിച്ചുചേർത്തിരുന്നു. കോഴ്‌സുകളുടെ നിലവാരം ഉയർത്തുന്നതിനെ കുറിച്ചും ഫാർമസി, നഴ്‌സിംഗ്, അപ്ലൈഡ് മെഡിക്കൽ കോഴ്‌സുകളിൽ ചേരുന്നതിന് സൗദി യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ചുമായിരുന്നു ചർച്ച. ധാരാളം സൗദികൾക്ക് തൊഴിൽ ലഭ്യമാക്കാൻ ആരോഗ്യ മേഖലക്ക് സാധിക്കും. അടുത്ത 10 വർഷത്തിനുള്ളിൽ ആരോഗ്യ മേഖലയിൽ തൊഴിലവസരങ്ങളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോ. അയ്മൻ അബ്ദു പറഞ്ഞു.
ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ, സിവിൽ സർവീസ് മന്ത്രി സുലൈമാൻ അൽഹംദാൻ, വിദ്യാഭ്യാസ മന്ത്രി ഡോ. അഹ്മദ് അൽഈസ, തൊഴിൽ, സാമൂഹിക വികസന മന്ത്രി ഡോ. അലി അൽഗഫീസ് എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.
സൗദി വിദ്യാർഥികളെ ഉപരിപഠനത്തിന് വിദേശങ്ങളിലേക്ക് അയക്കുന്ന കിംഗ് സൽമാൻ സ്‌കോളർഷിപ്പ് പദ്ധതിയും സൗദി യൂനിവേഴ്‌സിറ്റികൾക്കു കീഴിലെ മെഡിക്കൽ, ഹെൽത്ത് കോഴ്‌സുകളും വിപുലീകരിച്ചിട്ടുണ്ടെങ്കിലും ആരോഗ്യ മേഖലയിലെ ആവശ്യവും യൂനിവേഴ്‌സിറ്റികൾ നടത്തുന്ന മെഡിക്കൽ, ഹെൽത്ത് കോഴ്‌സുകളും തമ്മിൽ വലിയ വിടവുണ്ടെന്ന് ഡോ. അഹ്മദ് അൽഈസ പറഞ്ഞു. പുതിയ യൂനിവേഴ്‌സിറ്റി നിയമം സർവകലാശാലകൾക്ക് കൂടുതൽ അധികാരം നൽകുമെന്നും മന്ത്രി പറഞ്ഞു.
മെഡിസിൻ-സർജറി, ഡെന്റൽ മെഡിസിൻ, ഫാർമസി, അപ്ലൈഡ് മെഡിക്കൽ സയൻസസ്, നഴ്‌സിംഗ് എന്നീ അഞ്ചു മേഖലകളിലെ മാനവശേഷിയെ കുറിച്ച് പഠിക്കുന്നതിന് നേരത്തെ സംഘടിപ്പിച്ച ശിൽപശാലയിൽ പങ്കെടുത്തവർ സമർപ്പിച്ച ശുപാർശകൾ മാനവശേഷി സമ്മേളനം വിശകലനം ചെയ്തു.
ആരോഗ്യ പ്രവർത്തകരുടെ വിവരങ്ങൾ നാഷണൽ ലേബർ ഗേറ്റ്‌വേയുമായി ബന്ധിപ്പിക്കണമെന്നും വിവരങ്ങൾ പതിവായി പുതുക്കണമെന്നുമായിരുന്നു നിർദേശം. ഗ്രാമങ്ങളിലും ചെറുനഗരങ്ങളിലും ജോലി ചെയ്യുന്നതിന് മെഡിക്കൽ ബിരുദധാരികളെ പ്രോത്സാഹിപ്പിക്കാൻ പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും സൗദികൾക്ക് തൊഴിൽ നൽകുന്ന ആരോഗ്യ സ്ഥാപനങ്ങൾക്ക് മാനവശേഷി വികസന നിധിയിൽനിന്ന് സാമ്പത്തിക സഹായം നൽകണമെന്നും ശിൽപശാലയിൽ പങ്കെടുത്തവർ ശുപാർശ ചെയ്തിരുന്നു. സമ്മേളനത്തിൽ ഉരുത്തിരിഞ്ഞ ശുപാർശകൾ വൈകാതെ നടപ്പാക്കുമെന്നും ഇതിന് ഡെപ്യൂട്ടി മന്ത്രിമാരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കുമെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രി പറഞ്ഞു.