റിയാദ് - ഫീസില്ലാത്ത ബദൽ വിസ ഒറ്റത്തവണ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. റിക്രൂട്ട് ചെയ്തുകൊണ്ടുവന്ന രണ്ടാമത്തെ ബംഗ്ലാദേശി വേലക്കാരിയും ജോലി ചെയ്യാൻ വിസമ്മതിക്കുന്ന പശ്ചാത്തലത്തിൽ സ്വദേശത്തേക്ക് തിരിച്ചയച്ച് പകരം മറ്റൊരു വേലക്കാരിയെ റിക്രൂട്ട് ചെയ്യുന്നതിന് ബദൽ വിസ അനുവദിക്കുമോയെന്ന സൗദി പൗരന്റെ അന്വേഷണത്തിന് മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
ഇതേ കാരണത്താൽ മറ്റൊരു വേലക്കാരിയെ നേരത്തെ സ്വദേശത്തേക്ക് തിരിച്ചയച്ച് ബദൽ വിസയിൽ റിക്രൂട്ട് ചെയ്ത വേലക്കാരിയും ജോലി ചെയ്യുന്നതിന് വിസമ്മതിക്കുന്ന സാഹചര്യത്തിലായിരുന്നു ചോദ്യം. രണ്ടാമത് റിക്രൂട്ട് ചെയ്ത വേലക്കാരി ജോലിക്കു വിസമ്മതിക്കുന്നതിനു പുറമെ ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കുന്നതായും സൗദി പൗരൻ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തെ അറിയിച്ചു. കാരണം എന്തു തന്നെയായാലും ബദൽ വിസ ഒരു തവണ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് ഇതിന് മറുപടിയായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഉപഭോക്തൃ സേവന കേന്ദ്രം അറിയിച്ചു.