താനെ- മഹാരാഷ്ട്രയിലെ ബി.ജെ.പി സർക്കാരിന്റെ കർഷക വിരുദ്ധനയങ്ങൾക്കെതിരെ മാർച്ച് ആറിന് നാസിക്കിൽ നിന്നും ആരംഭിച്ച കാൽ ലക്ഷത്തോളം വരുന്ന കർഷകരുടെ കൂറ്റൻ മാർച്ച് മുംബൈയിലേക്ക് അടുക്കുന്നു. മഹാരാഷ്ട്ര നിയമസഭ വളയുമെന്ന മുന്നറിയിപ്പുമായി എത്തുന്ന കർഷകർ താനെയിലെത്തി. ചുവന്ന തൊപ്പിയും ചെങ്കൊടിയുമേന്തിയാണ് ഓൾ ഇന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിലുള്ള കർഷകരുടെ ശക്തിപ്രകടനം. ചൊവ്വാഴ്ച ആരംഭിച്ച കാൽനട മാർച്ച് 180 കിലോമീറ്റർ താണ്ടിയാണ് മുംബൈയിലേക്ക് വരുന്നത്. വഴിയിലുടനീളം ഗ്രാമങ്ങളിൽ നിന്ന് കർഷകരാണ് ഇവർക്ക് ആവശ്യമായ കുടിവെള്ളവും മറ്റു സഹായങ്ങളും നൽകുന്നത്.
കർഷകരുടെ കടം എഴുതിത്തള്ളുക, സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക എന്നിവയാണ് സമരരംഗത്തുള്ള കർഷകരുടെ പ്രധാന ആവശ്യങ്ങൾ. സൂപ്പർ ഹൈവെ, ബുള്ളറ്റ് ട്രെയ്ൻ പാത എന്നീ വികസന പദ്ധതികളുടെ പേരിൽ കർഷകരുടെ ഭൂമി ബലപ്രയോഗത്തിലൂടെ തട്ടിയെടുക്കുന്ന നടപടികളിൽ നിന്ന് സംസ്ഥാന സർക്കാർ പിന്തിരിയണമെന്നും ആവശ്യപ്പെടുന്നു.
കഴിഞ്ഞ വർഷം ജൂണിൽ മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ പ്രഖ്യാപിച്ച 34,000 കോടി രൂപയുടെ കടം എഴുതിത്തള്ളൽ വെറും പൊള്ളയായ വാഗ്ദാനം മാത്രമായെന്നും ഈ ആനുകൂല്യം തങ്ങൾക്കു ലഭിച്ചിട്ടില്ലെന്നുമാണ് കർഷകർ പറയുന്നത്. കർഷകർക്കു നൽകിയ ഉറപ്പുകളൊന്നും പാലിക്കാത്തതിനെ തുടർന്ന് സർക്കാരിനെതിരെ കർഷകർ നാളുകളായി കടുത്ത പ്രതിഷേധത്തിലാണ്. ജൂണിനു ശേഷം ഇതുവരെ 1,753 കർഷകർ കടബാധ്യത മൂലം ജീവനൊടുക്കിയിട്ടുണ്ടെന്ന് കിസാൻ സഭ സെക്രട്ടറി രാജു ദെസ്ലെ പറയുന്നു. ലോൺ എഴുതിത്തള്ളൽ പദ്ധതി പ്രകാരം ആനുകൂല്യത്തിന് അപേക്ഷിച്ചവർക്ക് ബാങ്കിൽ നിന്നും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും കർഷകർ ആരോപിച്ചു.
ദീർഘമായ മാർച്ചിലുടനീളം കാൽലക്ഷത്തോളം വരുന്ന കർഷകർക്കാവശ്യമായ ഭക്ഷണ വസ്തുക്കളും മറ്റുമായി വാഹനങ്ങളും കാൽടനയാത്രയെ അനുഗമിക്കുന്നുണ്ട്. ഓരോ 30 കിലോമീറ്ററിലും വിശ്രമിച്ചാണ് യാത്ര തുടരുന്നത്. വിവിധ ഗ്രാമങ്ങളിൽ നിന്ന് ശേഖരിച്ച അരിയും മറ്റു ഭക്ഷ്യധാന്യങ്ങളും സമരക്കാർ തന്നെ പാചകം ചെയ്കു കഴിക്കുന്നു. നദിയോരങ്ങൾ കേന്ദ്രീകരിച്ചാണ് സംഘം രാത്രി തമ്പടിക്കുന്നത്. മൊബൈൽ ടോയ്ലെറ്റുകളും വെളിച്ചവും മറ്റു സംവിധാനങ്ങളൊരുക്കി പ്രാദേശിക അധികൃതരും പോലീസും ഇവർക്ക് സഹായം നൽകുന്നുണ്ട്.