മോസ്കോ- റഷ്യ ഉക്രെയിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഉക്രെയിനില്‍ സൈനിക നടപടി അനിവാര്യമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിന് പറഞ്ഞു. തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതുവരെ കാണാത്ത തിരിച്ചടി നല്‍കും. എന്തിനും തയ്യാറെന്നും പുട്ടിന് പറഞ്ഞു. ഡോണ്‍ബാസ് മേഖലയിലേക്ക് നീങ്ങാന്‍ സൈന്യത്തിന് പുട്ടിന് നിര്‍ദ്ദേശം നല്കി. ഉക്രെയിന് അതിര്‍ത്തിയിലെ വിമാനത്താവളങ്ങള്‍ അടച്ചു.
റഷ്യന്‍ സൈന്യം ഉക്രെയിനില്‍ കടന്നിട്ടുണ്ട്. വ്യോമാക്രമണം ആരംഭിച്ചുകഴിഞ്ഞു. കീവ് അടക്കമുള്ള വിവിധ പ്രദേശങ്ങളില്‍ സ്ഫോടനം നടക്കുകയാണ്. ഇന്ന് രാവിലെ 5.50ന് പുട്ടിന് റഷ്യന്‍ ജനതയെ അഭിസംബോധന ചെയ്തിരുന്നു. ഇതിനു ശേഷമാണ് ആക്രമണം ആരംഭിച്ചത്. ഇതൊരു ലോക മഹായുദ്ധമായി മാറുമോയെന്ന ആശങ്കയുമുണ്ട്. നാറ്റോ സഖ്യസേനയും യൂറോപ്പില്‍ സജ്ജമായിട്ടുണ്ട്.