ന്യൂദല്‍ഹി- ആലിയ ഭട്ട് നായികയായ ഗംഗുബായി കതിയവാഡി സിനിമയുടെ പേരു മാറ്റുന്ന കാര്യം പരിഗണിക്കണമെന്ന് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയോട് സുപ്രീം കോടതി. രണ്ടു ദിവസത്തിനുശേഷം വെള്ളിയാഴ്ച സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കെയാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.
സിനിമയുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ വിവിധ കോടതികളില്‍ നിലവിലുള്ളതിനാലാണ് സുപ്രീം കോടതി ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
വ്യാഴാഴ്ച വാദം തുടരുന്നതിനുമുമ്പായി നിര്‍മാതാവുമായി ആലോചിച്ച് വിവരം അറിയിക്കാമെന്നാണ് ബന്‍സാലിയുടെ അഭിഭാഷകന്‍ മറുപടി നല്‍കിയിരിക്കുന്നത്.
നേരത്തെ, ഗോളിയോം കാ രാസലീല രാമലീല, പദ്മാവത് എന്നീ സിനിമകളുടെ പേരുകളില്‍ മാറ്റം വരുത്താന്‍ സമ്മതിച്ച സംവധായകനാണ് ബന്‍സാലി.
മുംബൈയിലെ കാമാഠിപുരയില്‍നിന്ന് രാഷ്ട്രീയ രംഗത്തേക്ക് ഉയര്‍ന്ന ഗംഗുബായിയുടെ കഥ പറയുന്ന സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് വിവിധ കോടതികളില്‍ കേസുകള്‍ നിലവിലുണ്ട്. സിനിമക്ക് കഴിഞ്ഞ ദിവസം സെന്‍സര്‍ബോര്‍ഡ് യു.എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു.
പ്രശസ്ത എഴുത്തുകാരന്‍ ഹുസൈന്‍ സെയ്ദിയുടെ മാഫിയ ക്വീന്‍സ് ഓഫ് മുംബൈ എന്ന നോവലാണ് സിനിമയുടെ അവലംബകഥ. അതിനിടെ, ഹിന്ദിയിലുള്ള സിനിമയില്‍ കാമാഠിപുര, കതിയവാഡി, ചൈന എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന ഹരജികള്‍ മുംബൈ ഹൈക്കോടതി തള്ളി.