Sorry, you need to enable JavaScript to visit this website.

ലഖിംപൂര്‍ വിവാദ നായകനായ കേന്ദ്ര മന്ത്രി വോട്ട് ചെയ്യാനെത്തിയത് വന്‍ പോലീസ് സന്നാഹത്തോടെ

ന്യൂദല്‍ഹി- യുപിയിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം ഇടിച്ചുകയറ്റി കൊന്ന സംഭവത്തില്‍ വിവാദ നായകനായി മാറിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനി ബുധനാഴ്ച വോട്ട് ചെയ്യാനെത്തിയത് ഒരു പറ്റം പോലീസുകാരുടേയും അര്‍ധസൈനികരുടേയും അകമ്പടിയോടെ. മന്ത്രിക്കടുത്തേക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്കു പോലും അടുക്കാന്‍ കഴിയാത്ത വിധം നിരവധി പോലീസുകാര്‍ മന്ത്രിക്കു ചുറ്റും കവചമൊരുക്കി. നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന യുപിയിലെ ലഖിംപൂരിലാണ് മന്ത്രി വോട്ട് ചെയ്തത്. കര്‍ഷകരെ ഇിടിച്ചുകയറ്റി കൊന്ന വാഹനം മന്ത്രിയുടെ പേരിലുള്ളതാണ്. മന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയാണ് വാഹനം കര്‍ഷകര്‍ക്കുമേല്‍ ഓടിച്ചുകയറ്റിയത്. കേസില്‍ മുഖ്യപ്രതിയായ ആശിഷ് ദിവസങ്ങള്‍ക്ക് മുമ്പാണ് ജാമ്യം ലഭിച്ച് ജയിലില്‍ നിന്നിറങ്ങിയത്. 

ചുറ്റും കൂടി കവചമൊരുക്കിയ പോലീസുകാരെ ഉന്തിയും തള്ളിയുമാണ് മന്ത്രി ബൂത്തിലേക്ക് നടന്നു നീങ്ങിയത്. ചോദ്യങ്ങളുമായി മാധ്യമപ്രവര്‍ത്തകര്‍ അടുത്തെങ്കിലും അദ്ദേഹം മറുപടി നല്‍കിയില്ല. മന്ത്രിക്കടുത്തെത്താന്‍ അവര്‍ക്ക് കഴിഞ്ഞതുമില്ല. ലഖിംപൂരില്‍ നിര്‍ണായക സ്വാധീനമുള്ള മുതിര്‍ന്ന ബിജെപി നേതാവായ അജയ് മിശ്രയെ മാസങ്ങള്‍ക്ക് മുമ്പ് നടന്ന കേന്ദ്ര മന്ത്രിസഭാ പുനസംഘടനയിലാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. ലഖിംപൂര്‍ കൂട്ടക്കൊല കേസ് പ്രതിയായ മകനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറയാറില്ല. നേരത്തെ ഈ ചോദ്യം ഉന്നയിച്ച ഒരു മാധ്യമപ്രവര്‍ത്തകനെ അദ്ദേഹം കയ്യേറ്റം ചെയ്തിരുന്നു.

Latest News