ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ ബാരബങ്കിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന ബിജെപിയുടെ തെരഞ്ഞെടുപ്പു റാലി നടക്കുന്ന സ്ഥലത്തിനു സമീപം കര്‍ഷകര്‍ നൂറുകണക്കിന് കാലികളെ അഴിച്ചുവിട്ടു. പ്രദേശത്തെ തെരുവു പശുക്കളുടെ ശല്യത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കര്‍ഷകരുടെ വേറിട്ട പ്രതിഷേധം. കര്‍ഷകര്‍ ചേര്‍ന്ന് പ്രദേശത്തെ തെരുവു കാലികളെ തെളിച്ച് റാലി സ്ഥലത്തിനു സമീപത്തേക്ക് എത്തിക്കുകയായിരുന്നു. നൂറുകണക്കിന് പശുക്കള്‍ പ്രദേശത്തെ അലയുന്ന വിഡിയോകളും പ്രചിക്കുന്നുണ്ട്. സമീപത്തെ പാടങ്ങളില്‍ നിന്നും തെരുവുകളില്‍ നിന്നുമാണ് ഈ കാലികളെ കര്‍ഷകര്‍ ആട്ടിയോടിച്ച് റാലിസ്ഥലത്തെത്തിച്ചതെന്ന് കര്‍ഷക നേതാവ് രമന്‍ദീപ് സിങ് മാന്‍ ട്വീറ്റ് ചെയ്തു.
ഇതു സംബന്ധിച്ച് ബാരബങ്കി ഭരണകൂടത്തില്‍ നിന്നോ മുഖ്യമന്ത്രി യോഗിയില്‍ നിന്നോ പ്രതികരണവുമൊന്നും ഉണ്ടായില്ല. അതേസമയം ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ യുപിയിലെ തെരുവു കാലികളുടെ ശല്യ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞയാഴ്ച നടത്തിയ ഒരു പ്രസംഗത്തിന്റെ വിഡിയോ മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.