ഇസ്ലമാബാദ്- ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഭിന്നതകള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഒരു ടിവി ചര്‍ച്ച നടത്താന്‍ ആഗ്രഹമുണ്ടെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി ഇംറാന്‍ ഖാന്. റഷ്യ ടുഡേ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇംറാന്‍ ഈ ആഗ്രഹം പ്രകടിപ്പിച്ചത്. ഇങ്ങനെ ഒരു ചര്‍ച്ചയിലൂടെ ഭിന്നത പരിഹരിക്കാന്‍ കഴിഞ്ഞാല്‍ അത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ശതകോടിയിലേറെ വരുന്ന ജനങ്ങള്‍ക്ക് ഗുണകരമാകുമെന്നും ഇംറാന്‍ പറഞ്ഞു.
ഇതു സംബന്ധിച്ച് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. ഭീകരവാദവും ചര്‍ച്ചയും ഒന്നിച്ചു പോകില്ല എന്നാണ് പാക്കിസ്ഥാനുമായുള്ള ചര്‍ച്ച സംബന്ധിച്ച ഇന്ത്യയുടെ ഇപ്പോഴത്തെ നിലപാട്. പാക്കിസ്ഥാന് ഭീകരരേയും ഭീകര സംഘടനകളേയും അടിച്ചമര്‍ത്തണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്. പാക്കിസ്ഥാന് അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുമ്പോള്‍ പാക്കിസ്ഥാന് കുറ്റപ്പെടുത്തുന്നത് ആ രാജ്യത്തെ ഭരണകൂട ഇതര ശക്തികളെയാണ്.