ബംഗളൂരു- മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത ഹിന്ദു യുവസേന പ്രവര്‍ത്തകന്‍ നവീന്‍ കുമാര്‍ (37) ഒന്നാം പ്രതിയാകുമെന്ന് കര്‍ണാടക പോലീസ് കോടതിയെ അറിയിച്ചു. ഇയാള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് കോടതിയോട് അഭ്യര്‍ഥിച്ച സര്‍ക്കാര്‍ അഭിഭാഷകന്‍ വിശദാംശങ്ങള്‍ സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിച്ചു. ഗൗരിയുടെ ഘാതകരെ കുറിച്ച് വ്യക്തമായ സൂചനകള്‍ പ്രതിയില്‍നിന്ന് ലഭിച്ചതായി പോലീസ് വൃത്തങ്ങള്‍ പറയുന്നു.
ഫെബ്രുവരി 19-നാണ് മജസ്റ്റിക് ബസ് ടെര്‍മിനല്‍ പരിസരത്തുവെച്ച് നവീന്‍ കുമാര്‍ മറ്റൊരു കേസില്‍ പിടിയിലായത്. 15 വെടിയുണ്ടകള്‍ സഹിതം പിടിയിലായ ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗൗരി വധം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറിയത്. ഇന്നാണ് പ്രത്യേക അന്വേഷണ സംഘം നവീന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ അഞ്ചിനാണ് ആര്‍.ആര്‍. നഗറിലെ വസതിക്കു പുറത്തു വെച്ച് ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്. സെപ്റ്റംബര്‍ മൂന്നിനും അഞ്ചിനും നവീന്‍ കുമാര്‍ ഇവിടെ എത്തിയിരുന്നതായി അന്വേഷണ സംഘത്തിനു സൂചന ലഭിച്ചു. കൊലയാളിയെ ഇവിടെ എത്തിച്ചത് നവീനാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.